തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് സംഘാംഗങ്ങള്‍ കൊല്ലുമെന്ന് ഭയപ്പെട്ടിരുന്നതായി ആത്മഹത്യയ്ക്ക് ശ്രമിച്ച യുഎഇ കോണ്‍സലേറ്റ് ഗണ്‍മാൻ ജയഘോഷ്. സ്വര്‍ണ്ണക്കടത്ത് വിവരം ചോര്‍ത്തിയത് താനാണെന്ന് തെറ്റിദ്ധരിക്കുമെന്ന് ഭയന്നിരുന്നതായാണ് ജയഘോഷ് പറഞ്ഞത്. അവര്‍ പിടിക്കും മുമ്പ് ജീവനൊടുക്കാന്‍ തീരുമാനിച്ചതായാണ് അദ്ദേഹം വെളിപ്പെടുത്തിയത്.
രാത്രി കാട്ടില്‍ ഒളിച്ചിരുന്നു. കൈമുറിച്ചത് രാവിലെ 11.30 നാണെന്നും ജയഘോഷ് പറഞ്ഞു. മജിസ്ട്രേറ്റിന് നൽകിയ മൊഴിയിലാണ് ജയഘോഷ് ഇക്കാര്യം വെളിപ്പെടുത്തിയത്.
എന്നാൽ ജയഘോഷിൻ്റെ ആത്മഹത്യാശ്രമം നാടകമാണെന്നാണ് അന്വേഷണസംഘത്തിന്റെ സംശയം. ബ്ലേഡ് വിഴുങ്ങി എന്നതുള്‍പ്പെടെ ജയഘോഷ് പറഞ്ഞവ നുണയെന്നാണ് വിലയിരുത്തല്‍. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് തന്നെ ചോദ്യം ചെയ്യുമെന്ന വ്യക്തമായ ധാരണ ഇയാൾക്ക് ഉണ്ടായിരുന്നതായാണ് വിവരം. ഇത് മുന്നിൽ കണ്ടാണ് ആത്മഹത്യാശ്രമം നടത്തിയതെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.
ജയഘോഷിന് സ്വര്‍ണ്ണക്കടത്തിനേക്കുറിച്ച് വ്യക്തമായ അറിവുണ്ടെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍. സ്വപ്നയെ വിളിച്ചതും അതിന്റെ ഭാഗമായിട്ടാവാം. അത് മറച്ചുവയ്ക്കാനുള്ള നാടകമാണ് തിരോധാനവും ആത്മഹത്യാശ്രമവുമെന്നും കരുതുന്നു. മൂന്നു വര്‍ഷമായി യുഎഇ കോണ്‍സുലേറ്റില്‍ ജോലി ചെയ്യുന്ന ഘോഷ് സ്വര്‍ണ്ണക്കടത്തു കേസ് വിവരങ്ങള്‍ പുറത്തുവന്നതു മുതല്‍ പരിഭ്രാന്തനായിരുന്നു എന്നാണ് റിപ്പോർട്ട്.
ആശുപത്രി വിട്ട ശേഷം ഇയാളെ കസ്റ്റംസ് ചോദ്യം ചെയ്യും. എമിഗ്രേഷനിലും കോൺസുലേറ്റിലും പ്രവർത്തിച്ചപ്പോഴുള്ള ഇയാളുടെ സാമ്പത്തിക വളർച്ചയും പരിശോധിക്കും. അന്വേഷണത്തിന്റെ ഭാഗമായി ജയഘോഷിന്റെയും അടുത്തബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ച് തുടങ്ങി. ഫോണ്‍വിളികളും പരിശോധിക്കുന്നുണ്ട്. ജയഘോഷിനെ ഒടുവില്‍ വിളിച്ച സുഹൃത്ത് നാഗരാജും സംശയനിഴലിലാണ്.
സ്വർണ്ണക്കടത്തുകാർ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി ജയഘോഷ് പറയുന്നു. എന്നാൽ ഇയാൾ എന്തുകൊണ്ട് ഇക്കാര്യങ്ങൾ പോലീസിനെയോ മറ്റ് ബന്ധപ്പെട്ട അധികൃതരെയോ പരാതി മുഖേനെ പോലും അറിയിച്ചില്ലെന്ന ചോദ്യം അന്വേഷണ സംഘം ഉന്നയിക്കുന്നു. കോൺസുലേറ്റിലെ മറ്റ് സുരക്ഷാ ജീവനക്കാർക്കില്ലാത്ത ഭയം എന്തിനായിരുന്നു ഇദ്ദേഹത്തിന് എന്ന ചോദ്യവും അന്വേഷണസംഘം ഉന്നയിക്കുന്നുണ്ട്.