ലക്‌നൗ : അയല്‍വാസിയുമായുള്ള സ്വത്ത് തര്‍ക്കം പരിഹരിക്കാന്‍ പോലീസ് ഇടപെടാത്തതില്‍ മനംനൊന്ത് വീട്ടമ്മയും മകളും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക വസതിക്കു മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പോലീസും മാധ്യമപ്രവര്‍ത്തകരും നോക്കി നില്‍ക്കേയാണ് അമ്മയും മകളും തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് 5.40 ഓടെയാണ് ലക്‌നൗവിലെ ഹസ്രത്ഗഞ്ചിലുള്ള ലോക് ഭവനുമുള്ളില്‍ ആത്മഹത്യാശ്രമം നടന്നത്. പോലീസ് ഉടന്‍തന്നെ തീയണച്ച് ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇരുവരുടെയും നില ഗുരുതരമാണെന്നാണ് പോലീസ് നല്‍കുന്ന റിപ്പോര്‍ട്ട്.
അമേത്തിയിലെ ജമോ സ്വദേശികളാണ് ഇവര്‍. സഫിയ എന്നാണ് അമ്മയുടെ പേരെന്ന് പോലീസ് പറയുന്നു. അയല്‍വാസിയുമായി നിലനിന്നിരുന്ന അതിര് തര്‍ക്കം പരിഹരിക്കാന്‍ ഇവര്‍ ജമോ പോലീസിനെ സമീപിച്ചു പരാതി നല്‍കി. വീട്ടില്‍ തിരിച്ചെത്തിയ ഇവര്‍ക്കു നേരെ അയല്‍വാസികളുടെ ആക്രമണമുണ്ടായി. ഇക്കാര്യം പോലീസിനെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് ആരോപിച്ചാണ് ഇവര്‍ പിറ്റേന്ന് മുഖ്യമന്ത്രിയുടെ ഓഫീസിനു മുന്നിലെത്തി ജീവനൊടുക്കാന്‍ ശ്രമിച്ചത്.
സംഭവത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് രംഗത്തെത്തി. ‘ജനങ്ങള്‍ക്ക് ഭയമില്ലാതെ പരാതി പറയുന്നതിനാണ് സമാജിവാദി സര്‍ക്കാര്‍ ലക് ഭവന്‍ നിര്‍മ്മിച്ചത്. എന്നാല്‍ ബി.ജെ.പി സര്‍ക്കാര്‍ പാവപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നില്ലെന്നും’ അഖിലേഷ് യാദവ് പറഞ്ഞു.