കാട്ടാക്കട: നവവധുവിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് അച്ഛന്‍. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് പോലീസില്‍ പരാതി നല്‍കി. പന്നിയോട് തണ്ണിച്ചാന്‍കുഴി സ്വദേശി സോനയാണ് ഭര്‍ത്താവ് വിപിന്റെ വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെണ് സോനയെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ ചെന്നപ്പോള്‍ മരുമകന്‍ വിപിന്‍ പറഞ്ഞത് സോന രാത്രി ഒന്‍പത് മണിയായതോടെ കിടന്നുറങ്ങിയെന്നാണ്. എന്നാല്‍ ഒന്‍പത് മണി സമയത്ത് മകള്‍ ഉറങ്ങിയിട്ടില്ല. പത്ത് മണിയോടെ അടുപ്പിച്ച് മകളെ വിളിച്ചിരുന്നു. ഉറങ്ങാത്തത് എന്താണെന്ന് ചോദിച്ചപ്പോള്‍ അമ്മയുമായി സംസാരിച്ച് ഇരിക്കുകയായിരുന്നു എന്നാണ് പറഞ്ഞതെന്ന് പിതാവ് ആരോപിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിയപ്പോഴാണ് മരണ വിവരം അറിയുന്നത്. സോന ആത്മഹത്യക്ക് ശ്രമിച്ചതായുള്ള വിവരം ഭര്‍ത്താവോ വീട്ടുകാരോ അല്ല അയല്‍വാസിയാണ് അറിയിച്ചതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
സോനയുടെ ആഗ്രഹപ്രകാരം ആണ് വിവാഹം നടത്തി കൊടുത്തത്. കഴിഞ്ഞ ദിവസം വിരുന്നിന് വീട്ടില്‍ വന്ന് മടങ്ങുമ്പോഴും സോന സന്തോഷവതിയായിരുന്നു. എന്തെങ്കിലും പ്രശ്‌നങ്ങളുള്ളതായി പറഞ്ഞിട്ടില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സോന ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. പതിനഞ്ച് ദിവസം മുമ്പായിരുന്നു ഓട്ടോ ഡ്രൈവറായ വിപിനും സോനയും തമ്മിലുള്ള വിവാഹം.