ഡൽഹി: മെഡിക്കൽ വിദ്യാർഥികൾക്കിടയിലെ വിഷാദവും ആത്മഹത്യയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കാൻ വിദ്യാർഥികളിലും അധ്യാപകരിലും സർവേ നടത്താൻ ദേശീയ മെഡിക്കൽ കമ്മിഷന്റെ പ്രത്യേക കർമസേന. ഇതിനായി ഓൺലൈൻ സർവേ ഫോം മെഡിക്കൽ കോളേജുകളിൽ പങ്കുവെച്ച കർമസേന മേയ് മൂന്നിനുള്ളിൽ അധ്യാപകരും വിദ്യാർഥികളും അഭിപ്രായം അറിയിക്കണമെന്നും നിർദേശിച്ചു. പങ്കെടുക്കുന്നവർ പേര്, വയസ്സ്, ലിംഗം, ഇ-മെയിൽ ഐ.ഡി., മെഡിക്കൽ കോളേജിന്റെ പേര് തുടങ്ങിയ വിവരങ്ങൾ സമർപ്പിക്കണം. വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. ഡേറ്റ ഗവേഷണത്തിനും വിശകലനത്തിനും ഉപയോഗിക്കും. വ്യക്തിഗത പ്രതികരണങ്ങൾ പൊതു പ്ലാറ്റ്ഫോമുകളിൽ പങ്കുവെക്കില്ല.
വിവരങ്ങൾ 15 അംഗ കർമസംഘത്തിന്റെ അധ്യക്ഷൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിലെ (നിംഹാൻസ്) മനശ്ശാസ്ത്ര വിഭാഗം പ്രൊഫസർ ഡോ. ബി.എം. സുരേഷിന്റെ നേതൃത്വത്തിൽ വിശകലനം ചെയ്യും. ആവശ്യമെങ്കിൽ കർമസേന ആത്മഹത്യകൾ റിപ്പോർട്ടുചെയ്ത കോളേജുകൾ സന്ദർശിക്കും. മേയ് 31-നകം പ്രധാന കണ്ടെത്തലുകളും ശുപാർശകളും പ്രതിപാദിക്കുന്ന റിപ്പോർട്ട് സമിതി കമ്മിഷന് സമർപ്പിക്കും.