റാന്നി : വേനലിന്‍റെ ആരംഭത്തില്‍ തന്നെ നീരൊഴുക്ക് നിലച്ചു വറ്റി വരണ്ട് പെരുന്തേനരുവി. ദിവസേന നൂറുകണക്കിന് വിനോദസഞ്ചാരികൾ എത്തിക്കൊണ്ടിരുന്ന പെരുന്തേനരുവിയിൽ വെള്ളമില്ലാതെ പാറക്കെട്ടു മാത്രമായത് സഞ്ചാരികളെ കുറച്ചൊന്നുമല്ല നിരാശരാക്കുന്നത്. വെള്ളമില്ലായ്മ ഇവിടെ എത്തുന്നവരെ നിരാശരാക്കി മടക്കിയയക്കുകയാണ്. കടുത്ത വേനലിലൊഴികെ നാവീണരുവിയിലും പെരുന്തേനരുവിയിലും പാറക്കെട്ടുകളിൽ തട്ടിച്ചിതറി താഴേക്കൊഴുകുന്ന പമ്പാനദി ഇത്തവണ മഴക്കാലം വേനൽക്കാലത്തിന് വഴിമാറും മുൻപു തന്നെ വറ്റി വരണ്ടു. പെരുന്തേനരുവിയിലെ ചെറുകിട ജലവൈദ്യുത പദ്ധതിക്ക് വേണ്ടി നിർമിച്ച തടയണ വരെ ഒഴുകിയെത്തുന്ന പമ്പാനദി പിന്നീട് പെരുന്തേനരുവി വെള്ളച്ചാട്ടത്തിന് 50 മീറ്റർ താഴെവെച്ചു മാത്രമാണ് ജലസമ്പന്നമാകുന്നത്. 2018 ലെ പ്രളയത്തിൽ തടയണക്ക് മുകളിലെ ജലസംഭരണി മണ്ണുകയറി മൂടിയതിനാൽ ഒഴുകിയെത്തുന്ന ആകെയുള്ള വെള്ളം വൈദ്യുതി ഉത്പാദനത്തിനു മാത്രമായി വഴിതിരിച്ചു വിടുന്നതിനാൽ നാവീണരുവിയും പെരുന്തേനരുവിയും വെള്ളമില്ലാതെ പാറക്കെട്ടുകൾ മാത്രമായിമാറി.
വേനലില്‍ സംഭരണിയിലെ മണ്ണു മാറ്റുന്നതിന് കരാര്‍ നല്‍കാറുണ്ടെങ്കിലും ഫലപ്രഥമായി ആഴം വര്‍ദ്ധിപ്പിക്കാനായിട്ടില്ല. അരുവിയുടെ ഇരുകരകരകളും ബന്ധിപ്പിക്കുന്നത്തിനു വേണ്ടി റോഡ് സാധ്യമായതോടെ നിരവധിപേർ ഇവിടെയെത്തുന്നുണ്ടെങ്കിലും ഉണങ്ങിവരണ്ട പാറക്കെട്ടുകൾ കണ്ടു മടങ്ങേണ്ടിവരുന്നത് ഇവിടുത്തെ വിനോദസഞ്ചാര മേഖലക്ക് വലിയ തിരിച്ചടിയാകും. പെരുന്തേനരുവിയിലെ വെച്ചൂച്ചിറ കരയിൽ കോടികൾ ചെലവിട്ട് കെട്ടിടങ്ങളും പാർക്കുകളുമൊക്കെ നിർമിച്ചിട്ടുണ്ടെങ്കിലും മഹാപ്രളയത്തിൽ വെള്ളം കയറി കേടുപാടുകൾ സംഭവിച്ചിരുന്നു. ഇതെല്ലാം ഇപ്പോള്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തി പൂര്‍ണ്ണമായും സജ്ജമായിരിക്കുകയാണ്. കാടുകയറി നശിച്ചുകൊണ്ടിരിക്കുന്ന കുട്ടികളുടെ പാർക്ക് വൃത്തിയാക്കിയതിനാല്‍ ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾക്ക് വിശ്രമിക്കാനെങ്കിലും കഴിയുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. വര്‍ഷത്തില്‍ ആറുമാസം മാത്രം പ്രവര്‍ത്തനാനുമതിയുള്ള വൈദ്യുത നിലയത്തില്‍ ഉത്പാദനം ഇപ്പോള്‍ പൂര്‍ണ്ണ തോതിലാക്കിയതാണ് വെള്ളം തീര്‍ത്തും വറ്റാന്‍ കാരണം. വെള്ളം തീര്‍ത്തും ഇല്ലാതായതോടെ പമ്പാനദിയിലെ പെരുന്തേനരുവി ജലവിതരണ പദ്ധതിയേയും സാരമായി ബാധിച്ചേക്കുമെന്ന ആശങ്ക ശക്തമാണ്.