ന്യൂഡല്‍ഹി : സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ കോടതിയുടെ സുപ്രധാനവിധി ഇന്ന്. ശശി തരൂര്‍ എം.പിക്ക് മേല്‍ കുറ്റം ചുമത്തണോ എന്നതില്‍ ഡല്‍ഹി റോസ് അവന്യു കോടതി ഇന്ന് വിധിപറയും. കേസില്‍ ആത്മഹത്യ പ്രേരണയ്‌ക്കോ, കൊലപാതകത്തിനോ എം.പി യ്ക്കെതിരെ കുറ്റം ചുമത്തണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.
സുനന്ദയുടെ ആരോഗ്യസ്ഥിതി മോശമാകാന്‍ കാരണം ശശി തരൂരിന്റെ മാനസിക പീഡനമാണെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. കുറ്റം ചുമത്തുന്നതില്‍ കോടതി നിലപാട് നിര്‍ണായകമാകുമെന്നാണ് സൂചന.
തനിക്കെതിരെ തെളിവുകള്‍ ഇല്ലെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ശശി തരൂര്‍.
സുനന്ദയുടെ മരണം ആകസ്മികമാണ്. വിഷം കുത്തിവയ്ച്ചുവെന്ന ആരോപണം നിലനില്‍ക്കില്ലെന്നും തരൂര്‍ ചൂണ്ടിക്കാട്ടിയിരുന്നു. 2014 ജനുവരി പതിനേഴിനാണ് ഡല്‍ഹിയിലെ ആഡംബര ഹോട്ടലില്‍ സുനന്ദയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. അന്ന് മുതല്‍ക്കേ മരണത്തിലെ തരൂരിന്റെ പങ്കിനെക്കുറിച്ച് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.