പത്തനംതിട്ട : സാമൂഹ്യ പ്രവര്‍ത്തക ഡോ. എം.എസ്. സുനില്‍ ഭവനരഹിതരായ നിരാലംബര്‍ക്ക് പണിത് നല്‍കുന്ന 213 – മത്തെ സ്നേഹ ഭവനം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കുളനട മാന്തുക വെള്ളങ്ങാട്ടില്‍ വടക്കേതില്‍ വിധവയായ ഇന്ദിരക്കും കുടുംബത്തിനുമായി നല്‍കി. ദമ്പതികളായ മാത്യുവിന്റെയും മേരിയുടെയും സഹായത്താലാണ് ഭവനം നിര്‍മ്മിച്ചത്.
വീടിന്റെ താക്കോല്‍ ദാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി. ചന്ദ്രന്‍ നിര്‍വഹിച്ചു. ഭര്‍ത്താവിന്റെ മരണശേഷം ഏറെ നാളുകളായി തകര്‍ന്നു വീഴാറായതും ചോര്‍ന്നൊലിക്കുന്നതുമായ വീട്ടില്‍ സുരക്ഷിതമല്ലാത്ത സാഹചര്യത്തിലായിരുന്നു ഇന്ദിരയും രണ്ട് കുട്ടികളും അനിയനും താമസിച്ചിരുന്നത്. സ്വന്തമായി വീട് പണിയുവാന്‍ യാതൊരു മാര്‍ഗ്ഗവുമില്ലാതെയിരുന്ന ഇവരുടെ അവസ്ഥ അങ്കണവാടി ടീച്ചറായ സ്മിതയാണ് സുനില്‍ ടീച്ചറുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
ഇവരുടെ അവസ്ഥ മനസ്സിലാക്കിയ ടീച്ചര്‍ മൂന്നുമുറിയും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ വീട് നിര്‍മ്മിച്ചു നല്‍കുകയായിരുന്നു. ചടങ്ങില്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഗീതാദേവി, വാര്‍ഡ് മെമ്പര്‍ ബിജു പരമേശ്വരന്‍, കെ. പി. ജയലാല്‍, സൂസന്‍ തോമസ്, സ്മിതാ വിനോദ്, കെ.ആര്‍. ജയചന്ദ്രന്‍, എന്നിവര്‍ പങ്കെടുത്തു.