തൃപ്പൂണിത്തുറ : തൃപ്പൂണിത്തുറയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജീവനക്കാരിയെ ഹെല്‍മെറ്റ് കൊണ്ട് മര്‍ദിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. പുതിയകാവ് സ്വദേശി ഷിജിക്കാണ് മര്‍ദനമേറ്റത്. ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിക്കായിരുന്നു സംഭവം. സൂപ്പര്‍മാര്‍ക്കറ്റിലെ മറ്റൊരു ജീവനക്കാരിയായ സുജിതയുടെ ഭര്‍ത്താവ് സതീഷ് ആണ് മര്‍ദിച്ചതെന്ന് ഷിജിയുടെ കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇന്നലെ വൈകീട്ട് നടന്ന സംഭവത്തില്‍ ഇന്ന് മാത്രമാണ് പോലീസ് കേസെടുക്കാന്‍ തയ്യാറായത്.
മര്‍ദ്ദനമേറ്റത്തിന് പിന്നാലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമയോടൊപ്പം ഷിജി നേരിട്ട് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയിരുന്നുവെങ്കിലും കേസെടുക്കണോ എന്നാണ് പോലീസ് ആദ്യം ചോദിച്ചതെന്ന് ഷിജി പറഞ്ഞു. എന്നാല്‍ കേസെടുക്കണമെന്ന് ഷിജിയും സൂപ്പര്‍മാര്‍ക്കറ്റ് ഉടമയും കര്‍ശന നിലപാടെടുത്തു. എന്നിട്ടും വളരെ വൈകിയാണ് പോലീസ് കേസെടുക്കാന്‍ തയ്യാറായത്. ഇയാള്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ ഫോണ്‍ വിളിച്ച് സുജിതക്ക് നല്‍കാന്‍ പറഞ്ഞെന്നും ഇത് ചെയ്യാത്തതിനാണ് മര്‍ദിച്ചതെന്നുമാണ് ആരോപണം. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ഷിജിയുടെ കൈ ഒടിഞ്ഞിട്ടുണ്ടെന്നും കുടുംബം പറഞ്ഞു. പ്രതി സതീഷും കുടുംബവും ഒളിവില്‍ പോയെന്നാണ് പോലീസ് പറയുന്നത്.