ഡൽഹി: ഒട്ടനവധി തവണ മാറ്റിവെച്ച ലാവ്‌ലിൻ കേസ് ഈ മാസം 24-ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കാൻ സാധ്യത. അന്തിമ വാദം കേൾക്കൽ ആരംഭിക്കുന്നത് സംബന്ധിച്ച് 24-ന് തീരുമാനമുണ്ടാകുമോ എന്നതാണ് നിർണായകമായി കണക്കാക്കുന്നത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക. 2017 മുതൽ 25 തവണയാണ് ലാവ്‌ലിൻ കേസ് മാറ്റിവെച്ചത്. സിബിഐയുടെ സൗകര്യക്കുറവാണ് പല ഘട്ടങ്ങളിലായി വാദം കേൾക്കൽ നീട്ടാനുള്ള കാരണം.
മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഊർജ്ജ സെക്രട്ടറി മോഹനചന്ദ്രൻ, മുൻ ജോയിൻ സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെയുള്ള സിബിഐ അപ്പീലാണ് സുപ്രീംകോടതിക്ക് മുന്നിലുള്ളത്. വിചാരണ കോടതി, ഹൈക്കോടതി എന്നിവ കുറ്റവിമുക്തരാക്കിയ സാഹചര്യത്തിൽ സുപ്രീംകോടതി ഇടപെടണമെങ്കിൽ ശക്തമായ കാരണങ്ങൾ വേണമെന്ന് മുൻപ് ഹർജികൾ പരിഗണിച്ചിരുന്ന ബെഞ്ച് വ്യക്തമാക്കിയിരുന്നു.