ന്യൂഡൽഹി : വാക്സീൻ കിട്ടാൻ നിരക്ഷരനായ തൊഴിലാളിക്ക് എങ്ങനെയാണ് രജിസ്റ്റർ ചെയ്യാൻ കഴിയുക? ഒരേ വാക്സീന് രണ്ടു വില വരുന്നത് എങ്ങനെ? സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് എണ്ണിയെണ്ണി ചോദിച്ചത് ഇത്തരം ചോദ്യങ്ങൾ. കേന്ദ്ര സർക്കാരിനെ കടുത്ത സ്വരത്തിലാണ് ഇന്നലെ കോടതി വിമർശിച്ചത്.
ഓരോ തവണയും സാഹചര്യത്തിന് അനുസരിച്ച് കാര്യങ്ങൾ മാറിക്കൊണ്ടിരിക്കുമെന്ന പതിവു ന്യായമാണ് സർക്കാർ പറയുന്നത്– ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വിമർശിച്ചു. നയമുണ്ടാക്കുന്നവർ യാഥാർഥ്യമറിയണം. തെറ്റു തിരിച്ചറിഞ്ഞ് അംഗീകരിക്കുന്നത് ഒരാളുടെ വീഴ്ചയല്ലെന്നും പകരം കരുത്താണെന്നും കോടതി പറഞ്ഞു.
ഡിജിറ്റൽ ഇന്ത്യയെക്കുറിച്ചാണു കേന്ദ്രം പറഞ്ഞു കൊണ്ടേയിരിക്കുന്നത്. ഡിജിറ്റൽ ഇന്ത്യയിലെ ഗ്രാമീണ മേഖലയിൽ കാര്യങ്ങൾ തീർത്തും വിഭിന്നമാണ്. രാജ്യത്ത് എന്തു നടക്കുന്നുവെന്ന കാര്യം സർക്കാർ മനസ്സിലാക്കണം. നിരക്ഷരനായൊരു തൊഴിലാളി എങ്ങനെയാണ് വാക്സീനായി രജിസ്റ്റർ ചെയ്യുക? കോടതി ചോദിച്ചു.
രണ്ടാം ഡോസിനായി ആളെ തിരിച്ചറിയാൻ കോവിൻ പോർട്ടൽ രജിസ്ട്രേഷൻ നിർബന്ധമാണെന്നും ഗ്രാമീണ മേഖലകളിലെ സാമൂഹിക കേന്ദ്രങ്ങളിൽ ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. ഇതു ചോദ്യം ചെയ്ത കോടതി നയം സൗകര്യപ്രദമാണെന്നു കരുതുന്നുണ്ടോയെന്നു തിരിച്ചു ചോദിച്ചു. ഇതു വ്യക്തമാക്കുന്ന രേഖ ഹാജരാക്കാനും നിർദേശിച്ചു.
ഉൽപാദക കമ്പനികളിൽ നിന്നു വാക്സീൻ വാങ്ങുന്നതിലെ പ്രശ്നങ്ങളും കോടതി സർക്കാരിനു മുന്നിൽ വെച്ചു. പഞ്ചാബും ഡൽഹിയും വിദേശത്തു നിന്നു വാക്സീൻ വാങ്ങുന്നതിനുള്ള ടെൻഡർ നടപടികളിലേക്കു കടന്നതായും കോടതി ചൂണ്ടിക്കാട്ടി. മുംബൈ മുനിസിപ്പൽ കോർപ്പറേഷനു പോലും വിദേശത്തു നിന്നു വാക്സീൻ നേരിട്ടു കിട്ടുമെന്ന സ്ഥിതിയായി.
ഇവർക്കൊക്കെ നേരിട്ടു വാക്സീൻ വാങ്ങാമെന്നതും കേന്ദ്ര നയമാണോ അതോ കേന്ദ്ര സർക്കാർ നോഡൽ ഏജൻസിയായി പ്രവർത്തിച്ചു വാക്സീൻ വാങ്ങിനൽകുകയാണോ ചെയ്യുന്നത്? ഇക്കാര്യങ്ങളിൽ വ്യക്തത വേണം, നയത്തിനുള്ള മാനദണ്ഡം വ്യക്തമാക്കണം– കോടതി ആവശ്യപ്പെട്ടു.
വാക്സീന് രണ്ടു വില വരുന്നതെങ്ങനെയെന്ന ചോദ്യം കോടതി ഇന്നലെയും ആവർത്തിച്ചു. കേന്ദ്രവും സംസ്ഥാനവും നികുതിദായകരുടെ പണമാണ് വാക്സീൻ വാങ്ങാൻ ഉപയോഗിക്കുന്നത്. അതുകൊണ്ടു തന്നെ വ്യത്യസ്ത വില ഈടാക്കുന്നത് അനുവദിക്കാനാവില്ല. സ്വകാര്യ ആശുപത്രികൾക്ക് കൂടുതൽ വില നൽകേണ്ടി വരുന്നു.
45 വയസ്സിനു മുകളിൽ പ്രായമുള്ളവരുടെ വാക്സീൻ കേന്ദ്രം വാങ്ങുന്നു. 18–44 പ്രായത്തിലുള്ളവർക്കായി അതിൽ ഒരു പങ്ക് സംസ്ഥാന സർക്കാരുകൾ വാങ്ങുന്നു. അതിന്റെ വില കമ്പനികൾ നിശ്ചയിക്കുന്നു. ബാക്കിയുള്ളത് സ്വകാര്യ ആശുപത്രികളും വാങ്ങുന്നു. ഇതിന്റെയൊക്കെ അടിസ്ഥാനം എന്താണ്? 45 വയസ്സിനു മുകളിലുള്ളവർക്കായി കേന്ദ്രം വാക്സീൻ അനുവദിക്കുമ്പോൾ പറഞ്ഞിരുന്ന ന്യായം ഉയർന്ന മരണ നിരക്കാണ്. എന്നാൽ, രണ്ടാം ഘട്ടത്തിൽ കോവിഡ് 18–44 വയസ്സുകാരെ കാര്യമായി ബാധിച്ചു. അങ്ങനെയെങ്കിൽ അവർക്കു കേന്ദ്രം വാക്സീൻ ലഭ്യമാക്കാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.