ന്യൂഡല്‍ഹി : നിരാഹാര സമരം നടത്തുന്ന കർഷക നേതാവ് ജഗ്‌ജിത് സിങ് ദല്ലേവാളി(70)നെ ആശുപത്രിയിലേക്ക് മാറ്റാൻ പഞ്ചാബ് സർക്കാരിന് രണ്ട് ദിവസത്തെ സമയം കൂടി അനുവദിച്ച് സുപ്രിം കോടതി. കർഷക നേതാവ് ദല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റാനുള്ള നിർദ്ദേശം പാലിക്കാൻ മൂന്ന് ദിവസത്തെ സമയം കൂടി ആവശ്യപ്പെട്ട പഞ്ചാബ് സർക്കാരിന്റെ അപേക്ഷ പരിഗണിച്ചു കൊണ്ടാണ് ഉത്തരവ്. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് സുധാൻഷു ധൂലിയ എന്നിവരുടെ നേതൃത്വത്തിലുള്ള സുപ്രിംകോടതിയുടെ അവധിക്കാല ബെഞ്ചിന്റേതാണ് ഉത്തരവ്. സുപ്രിം കോടതി നിർദ്ദേശം പാലിക്കാൻ മൂന്ന് ദിവസം കൂടി സമയം ആവശ്യപ്പെട്ട് പഞ്ചാബ് സർക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറൽ ഗുർമീന്ദർ സിങ് ചൊവ്വാഴ്ച്ചയാണ് സുപ്രിം കോടതിയിൽ അപേക്ഷ നൽകിയത്.
ദല്ലേവാളിന് ആവശ്യമായ വൈദ്യസഹായം നൽകുമെന്ന് പഞ്ചാബ് സർക്കാർ ഉറപ്പാക്കണമെന്ന് സുപ്രിം കോടതി വ്യക്തമാക്കി. ആരോഗ്യനിലയെക്കുറിച്ച് ജനുവരി 2ന് ചർച്ച ചെയ്തതിനു ശേഷം പുതിയ ഉത്തരവ് പുറപ്പെടുവിക്കുമെന്നും കോടതി അറിയിച്ചു. പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള ഖനൗരി അതിർത്തിയിലെ പ്രതിഷേധ സ്ഥലത്തേക്ക് ചർച്ച നടത്താൻ ബന്ധപ്പെട്ടവർ പോയിട്ടുണ്ടെന്നും അത് പാലിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും പഞ്ചാബ് അഡ്വക്കേറ്റ് ജനറൽ ഗുർവീന്ദർ സിങ് കോടതിയെ അറിയിച്ചിരുന്നു. രാഷ്ട്രീയ, ഭരണപരമായ ഉദ്യോഗസ്ഥർ ദല്ലേവാളുമായി സജീവമായി ഇടപഴകുന്നുണ്ടെന്നും ഡോക്‌ടർമാർ പതിവായി അദ്ദേഹത്തിൻ്റെ ആരോഗ്യം നിരീക്ഷിക്കുന്നുണ്ടെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. യുവാക്കളെ അണിനിരത്താനുള്ള ദല്ലേവാളിന്റെ ആഹ്വാനത്തിന് ശേഷം തിങ്കളാഴ്ച രാത്രി ഖനൗരി അതിർത്തിയിൽ 3,500 കർഷകരാണ് ഒത്തുകൂടിയത്.