ന്യൂഡൽഹി : വഴക്ക് പറയുന്നത് ന്യൂ ആത്മഹത്യയ്ക്കുള്ള പ്രേരണയാകില്ലെന്ന നിരീക്ഷണവുമായി സുപ്രീം കോടതി. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി അറസ്റ്റിലായ തമിഴ്‌നാട്ടിലെ സ്കൂൾ ഹോസ്റ്റൽ ഇൻ ചാർജിനെ സുപ്രീം കോടതി കുറ്റവിമുക്തനാക്കി. ജീവനക്കാരൻ വഴക്ക് പറഞ്ഞതിനെ തുടർന്ന് വിദ്യാർഥി ആത്മഹത്യ ചെയ്‌തിരുന്നു. ഇതിന് പിന്നാലെ ഇയാൾക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി കേസെടുത്തു. ഇതിനെതിരെ ജീവനക്കാരൻ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അപ്പീൽ കോടതി തള്ളി. തുടർന്നാണ് വിഷയം സുപ്രീം കോടതിയിലെത്തിയത്. സ്കൂളും ഹോസ്റ്റലും നോക്കി നടത്തുന്നയാൾ എന്ന നിലയിൽ മരിച്ചയാൾ കുറ്റകൃത്യം ആവർത്തിരിക്കാനാണ് വഴക്ക് പറഞ്ഞത്.
ഹോസ്റ്റലിൽ സമാധാനം ഉറപ്പാക്കേണ്ടത് ജീവനക്കാരന്റെ ഉത്തരവാദിത്തമാണെന്നും ഹർജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. മറ്റൊരു വിദ്യാർഥി നൽകിയ പരാതിയെ തുടർന്നാണ് ജീവനക്കാരൻ വഴക്ക് പറഞ്ഞത്. ആ പരാതിയിൽ സ്വീകരിക്കാവുന്ന ഏറ്റവും കുറഞ്ഞ ശിക്ഷയാണത്. എന്നാൽ വഴക്ക് പറയുന്നത് ഇത്ര വലിയ ദുരന്തമായി മാറുമെന്ന് ഒരാൾക്കും സങ്കൽപ്പിക്കാൻ പോലും സാധിക്കില്ലെന്നും കോടതി പറഞ്ഞു. ഐപിസി 306 ( ആത്മഹത്യ പ്രേരണ), ക്രിമിനൽ നടപടിക്രമ നിയമത്തിലെ സെക്ഷൻ 174 എന്നീ വകുപ്പുകൾ പ്രകാരമായിരുന്നു പോലീസ് ഇയാൾക്കെതിരെ കേസെടുത്തിരുന്നത്. എന്നാൽ പ്രതിയ്ക്കെതിരെ ചുമത്തിയ സെക്ഷൻ 306 റദ്ദാക്കുന്നതായി കോടതി പറഞ്ഞു.