ന്യൂഡല്‍ഹി : രാജ്യത്ത് ഭിക്ഷാടനം നിരോധിക്കാനുള്ള ഉത്തരവിടില്ലെന്ന് സുപ്രിം കോടതി. ഭിക്ഷാടനം സംബന്ധിച്ച വരേണ്യവർഗത്തിന്റെ കാഴ്ചപ്പാട് സ്വീകരിക്കാൻ കഴിയില്ല. മറ്റുവഴികൾ ഇല്ലാത്തവരാണ് ഭിക്ഷ യാചിക്കാൻ പോകുന്നത്. ദാരിദ്ര്യമാണ് ഭിക്ഷാടനത്തിൻ്റെ കാരണം. ദാരിദ്ര്യം ഇല്ലായിരുന്നുവെങ്കിൽ ആരും ഭിക്ഷ യാചിക്കാൻ പോകില്ലായിരുന്നു എന്നും ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, എംആർ ഷാ എന്നിവർ അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
പൊതുസ്ഥലങ്ങളിലെയും ട്രാഫിക്ക് പോയിൻ്റുകളിലെയും ഭിക്ഷാടനം കൊവിഡ് വ്യാപനത്തിനു കാരണമാകുനുണ്ടെന്നും അതിനാൽ ഭിക്ഷാടനം നിരോധിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാത്പര്യ ഹർജി പരിഗണിച്ചുകൊണ്ടായിരുന്നു പരമോന്നത കോടതിയുടെ നിരീക്ഷണം. ഭിക്ഷക്കാരുടെ പുനരധിവാസമാണ് ആവശ്യമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഭിക്ഷയെടുക്കുന്ന കുട്ടികൾക്ക് വിദ്യാഭ്യാസവും തൊഴിലും ഉറപ്പാക്കി പുനരധിവാസം ഉണ്ടാകണമെന്നും കോടതി നിർദേശിച്ചു.
യാചകർക്കും മറ്റ് തെരുവ് വാസികൾക്കും കൊവിഡ് വാക്സിൻ നൽകുന്നത് സംബന്ധിച്ചും ഇവരെ പുനരധിവാസം ചെയ്യുന്നത് സംബന്ധിച്ചുമുള്ള വിശദാംശങ്ങൾ നൽകാൻ കേന്ദ്ര സർക്കാരിനോടും ഡൽഹി സർക്കാരിനോടും സുപ്രിം കോടതി നിർദ്ദേശിച്ചു. ഹർജി രണ്ട് ആഴ്ചയ്ക്ക് ശേഷം പരിഗണിക്കാനായി കോടതി മാറ്റി.