തിരുവനന്തപുരം : അനധികൃത സ്വത്ത് സമ്പാദന കേസിലെ സിബിഐ അന്വേഷണം ചോദ്യം ചെയ്ത് മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ എം എബ്രഹാം നൽകിയ അപ്പീൽ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസിലെ പരാതിക്കാരനായ ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ തടസ ഹർജിയും സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വരും. ജസ്റ്റിസുമാരായ ദിപാങ്കർ ദത്ത, മൻമോഹൻ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് അപ്പീൽ പരിഗണിക്കുന്നത്.
മുൻകൂർ പ്രൊസിക്യൂഷൻ അനുമതി ഇല്ലാതെ സിബിഐക്ക് അന്വേഷിക്കാനാവില്ലെന്നാണ് അപ്പീലിൽ കെ എം എബ്രഹാമിന്റെ വാദം. ഇക്കാര്യം പരിഗണിക്കാതെയാണ് സിബിഐ അന്വേഷണത്തിനുള്ള ഹൈക്കോടതിയുടെ നിർദ്ദേശം. മതിയായ കാരണങ്ങളില്ലാതെ അഴിമതി നിരോധന നിയമം അനുസരിച്ചുള്ള സിബിഐ അന്വേഷണത്തിന് ഉത്തരവിടാനാവില്ലെന്നാണ് കെ എം എബ്രഹാമിന്റെ വാദം. സർക്കാർ ഉദ്യോഗസ്ഥനായിരിക്കെ നിയമ നടപടി സ്വീകരിച്ചതിലുള്ള പകയാണ് ജോമോൻ പുത്തൻ പുരയ്ക്കലിന്റെ ഹർജിക്ക് കാരണം.