പന്തളം : മതേതരത്വത്തിന്റെ പേരിൽ ഹിന്ദു ക്ഷേത്രങ്ങളെ തകർക്കാനുള്ള ഭരണകൂടത്തിന്റെ നീക്കത്തിനെതിരായ വിധിയാണ് പത്മനാഭ സ്വാമി ക്ഷേത്ര വിഷയത്തിൽ സുപ്രീം കോടതിയിൽ നിന്ന് ഉണ്ടായതെന്ന് പന്തളം കൊട്ടാരം നിർവ്വാഹക സംഘം പ്രസിഡന്റ് പി.ജി.ശശികുമാര വർമ്മ.
മുൻ രാജകുടുംബാംഗങ്ങൾ ഇന്ത്യാ ഗവൺമെണ്ടുമായി ഒപ്പ് വെച്ച കവനെന്റ്കൾക്ക് നിയമസാധുത ഉണ്ടെന്ന് കൂടിയാണ് സുപ്രീം കോടതി വിധിയിലൂടെ വെളിവായതെന്നും അദ്ദേഹം പറഞ്ഞു. ഹൈന്ദവ ക്ഷേത്രങ്ങളുടെ ആചാരാനുഷ്ഠാനങ്ങൾ പഴയത് പോലെ നിലനിൽക്കുമെന്നും വിധി ഓർമ്മിപ്പിക്കുന്നതായി ശശികുമാര വർമ്മ പറഞ്ഞു.
ക്ഷേത്രങ്ങളുടെ ഭരണം വിശ്വാസികൾക്കായിരിക്കണം എന്ന ദീർഘകാലമായ ആവശ്യത്തിനും കോടതി വിധിയിലൂടെ അംഗീകാരമായി. കഴിഞ്ഞ കുറെ നാളുകളായി ക്ഷേത്ര വിശ്വാസികളോട് ശത്രുതാ മനോഭാവം പുലർത്തുന്ന സർക്കാർ സമീപനത്തിന് ഈ വിധിയിലുടെ മാറ്റം ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ക്ഷേത്ര ഭരണത്തിൽ രാഷ്ട്രീയ അതിപ്രസരം വർദ്ധിച്ചതോടെ ക്ഷേത്രങ്ങളുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുന്ന സാഹചര്യത്തില്‍ ഉണ്ടായ കോടതി വിധി സ്വാഗതാർഹമാണ്.
ക്ഷേത്രാചാരങ്ങളിൽ അജ്ഞതയുള്ളവരാണ് പലപ്പോഴും ഭരണ നേതൃത്വത്തിൽ എത്തുന്നത്. ഇക്കൂട്ടർ രാഷ്ട്രീയ ലാഭം മാത്രം നോക്കി ഭരണം നടത്തി ഭക്തജനങ്ങളെ വെല്ലുവിളിക്കുകയാണ്. ഇപ്പോഴത്തെ സുപ്രീം കോടതി വിധി കോടതിയിൽ നിലവിലുള്ള ഹൈന്ദവ ആചാരങ്ങളുമായി ബന്ധപ്പെട്ട പല കേസുകൾക്കും സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.