കൊച്ചി : ആരാധകരുടെ കണ്ണ് നനയിച്ച് കോടിശ്വരനില്‍ സുരേഷ് ഗേപിയും മകളുടെ ഓര്‍മകളും. കഴിഞ്ഞ ദിവസത്തെ മത്സരാര്‍ത്ഥിയോട് സുരേഷ് ഗോപി പങ്കുവെച്ച സംഭവം ആരാധകരുടെ കണ്ണ് നനയിച്ചു. കാര്‍ അപകടത്തില്‍ തനിക്ക് നഷ്ടപ്പെട്ട മകളുടെ അന്ത്യ നിമിഷത്തെക്കുറിച്ചുള്ള കണ്ണ് നിറയ്ക്കുന്ന അനുഭവമാണ് ഷോയ്ക്കിടെ സുരേഷ് ഗോപി പങ്കുവെച്ചത്. 1992-ല്‍ ഞാനും മമ്മുക്കയുമൊക്കെ അഭിനയിച്ച ഒരു സിനിമയുടെ ചിത്രീകരണം നടക്കുന്നു. എനിക്ക് മഞ്ഞ നിറത്തോടു വല്ലാത്ത ഇഷ്ടമാണ്. അത് കൊണ്ട് തന്നെ മമ്മുക്ക എന്നെ ‘മഞ്ഞന്‍’ എന്നാണ് വിളിച്ചിരുന്നത്. ആ സിനിമയില്‍ ഞാന്‍ മഞ്ഞ ഷര്‍ട്ട് ഇട്ടു അഭിനയിക്കുന്ന ഒരു രംഗമുണ്ട്. അതിന്റെ വസ്ത്രാലങ്കാരം ചെയ്തത് നടന്‍ ഇന്ദ്രന്‍സായിരുന്നു. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് ആ മഞ്ഞ ഷര്‍ട്ട് എനിക്ക് തരണമെന്ന് ഞാന്‍ ഇന്ദ്രന്‍സിനോട് പറഞ്ഞിരുന്നു. സിനിമയുടെ ചിത്രീകരണം അവസാനിച്ചപ്പോള്‍ ഇന്ദ്രന്‍സ് ഭദ്രമായി മടക്കി ആ മഞ്ഞ ഷര്‍ട്ട് എനിക്ക് സമ്മാനിച്ചു.
എന്റെ മകള്‍ കാര്‍ അപകടത്തില്‍പ്പെടുമ്പോള്‍ ഞാന്‍ അണിഞ്ഞിരുന്നത് ഇന്ദ്രന്‍സ് നല്‍കിയ ആ മഞ്ഞ ഷര്‍ട്ട് ആയിരുന്നു. ഹോസ്പിറ്റലില്‍ എന്റെ മകളുടെ അടുത്തു നില്‍ക്കുമ്പോള്‍ വിയര്‍പ്പ് നിറഞ്ഞ ആ ഷര്‍ട്ട് ആയിരുന്നു എന്റെ വേഷം. ഒടുവില്‍ അവളെ എനിക്ക് നഷ്ടപ്പെട്ടു. അടക്കം ചെയ്യുമ്പോള്‍ ഇന്ദ്രന്‍സ് തുന്നിയ ആ മഞ്ഞ ഷര്‍ട്ട് അവളെ പുതപ്പിച്ചാണ് കുഴിമാടത്തില്‍ കിടത്തിയത്. ഇന്ദ്രന്‍സ് തുന്നിയ എന്റെ ഇഷ്ട നിറമുള്ള ഷര്‍ട്ടിന്റെ ചൂടേറ്റാണ് എന്റെ മകള്‍ അന്ത്യവിശ്രമം കൊള്ളുന്നത്’.