ആലപ്പുഴ : രാഷ്ട്രീയ കൊലപാതകം അവസാനിപ്പിക്കാന്‍ ആരുടേയും കാലു പിടിക്കാനും താന്‍ തയാറാണെന്ന് സുരേഷ് ഗോപി എംപി. ആലപ്പുഴയില്‍ കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസന്റെ വീട് സന്ദര്‍ശിച്ചതിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ കൊലപാതകവും, അതിന് എന്ത് മതമായാലും എന്ത് രാഷ്ട്രീയമായാലും ഒരു പ്രദേശത്തിന്റെ സമാധാനം തകര്‍ക്കുന്നത് ഒരു രാജ്യത്തിന്റെ വളര്‍ചയെയാണ് ബാധിക്കുന്നത്. വളര്‍ന്നു വരുന്ന കുഞ്ഞുങ്ങള്‍, അവരുടെ മനോനില, നഷ്ടപ്പെട്ട ആള്‍ക്കാരുടെ കുഞ്ഞുങ്ങള്‍ മാത്രമല്ല സമൂഹത്തിലെ കുഞ്ഞുങ്ങളുടെ മനസ്സില്‍ കളങ്കമായി അവരെ ഒരു മോശപ്പെട്ട സംസ്‌കാരത്തിലേക്ക് വലിച്ചിഴക്കുന്ന തരത്തിലുള്ളതാണെന്ന് ഇത്തരത്തിലുള്ള കൊലപാതകങ്ങളെന്നും സുരേഷ് ഗോപി എംപി പറഞ്ഞു.
അതേസമയം ആലപ്പുഴയില്‍ നടന്ന രണ്ട് കൊലക്കേസുകളിലും കഴിഞ്ഞ ദിവസം തന്നെ പോലീസ് അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചിരുന്നു. കൃത്യത്തില്‍ പങ്കെടുത്ത പ്രധാന പ്രതികളെല്ലാം സംസ്ഥാനം വിട്ടതായുള്ള സൂചനകള്‍ ലഭിച്ചതോടെയാണ് അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചത്. അതിനിടെ എസ് ഡി പി ഐ നേതാവ് കെ.എസ് ശാനിന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരടക്കം കഴിഞ്ഞദിവസം പിടിയിലായതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രി ഏഴരമണിയോടെയാണ് വീട്ടിലേക്കുള്ള യാത്രയ്ക്കിടെ ശാനിനെ കാറില്‍ പിന്‍തുടര്‍ന്ന അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്.