തൃശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി മത്സരിക്കില്ലെന്ന് സൂചന. സംസ്ഥാനത്ത് ബിജെപിയുടെ താരപ്രചാരകനായി സുരേഷ് ഗോപി ഉണ്ടായിരിക്കും. തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍ സുരേഷ് ഗോപിയെ താരപ്രചാരകനായി കളത്തിലിറക്കിയ ബിജെപി നിയമസഭാ തിരഞ്ഞെടുപ്പിലും ഇതേ തന്ത്രമാണ് ലക്ഷ്യമിടുന്നത്. നേരത്തെ തൃശൂരിലെ ഏതെങ്കിലും നിയമസഭാ മണ്ഡലത്തില്‍ നിന്ന് സുരേഷ് ഗോപി മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, താരം നിയമസഭാ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് കൂടുതല്‍ സാധ്യത. അതേസമയം, പാര്‍ട്ടി നിര്‍ബന്ധിക്കുകയാണെങ്കില്‍ തിരുവനന്തപുരത്തെ ഏതെങ്കിലും മണ്ഡലത്തില്‍ താരം മത്സരിക്കാനുള്ള സാധ്യതയുമുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി എ-ക്ലാസ് മണ്ഡലങ്ങളുടെ പട്ടിക തയ്യാറാക്കിയിരുന്നു. ഇതില്‍ തൃശൂര്‍ ജില്ലയില്‍ നിന്നുള്ള ഒന്‍പത് മണ്ഡലങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ മണ്ഡലങ്ങളിലേക്ക് ഏറ്റവും ശക്തരായ നേതാക്കളെ സ്ഥാനാര്‍ഥികളാക്കാനാണ് പാര്‍ട്ടി തീരുമാനം. സംസ്ഥാന നേതാക്കള്‍ തൃശൂരിലെ മണ്ഡലങ്ങള്‍ ലഭിക്കാന്‍ ചരടുവലി ആരംഭിച്ചിട്ടുമുണ്ട്.
എ.എന്‍.രാധാകൃഷ്‌ണന്‍ തൃശൂരിലെ മണലൂര്‍ മണ്ഡലത്തില്‍ നിന്നു തന്നെ ജനവിധി നേടാനാണ് സാധ്യത. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും രാധാകൃഷ്‌ണന്‍ മണലൂരില്‍ നിന്നാണ് മത്സരിച്ചത്. കഴിഞ്ഞ തവണ മണലൂരില്‍ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാന്‍ രാധാകൃഷ്‌ണന് സാധിച്ചിരുന്നു.
തൃശൂര്‍ നിയമസഭാ മണ്ഡലത്തില്‍ രണ്ട് പേരുകളാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. ബി.ഗോപാലകൃഷ്‌ണനും സന്ദീപ് വാര്യറും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗോപാലകൃഷ്‌ണനാണ് തൃശൂരില്‍ നിന്ന് മത്സരിച്ചത്. തൃശൂരില്‍ സ്ഥാനാര്‍ഥിയായില്ലെങ്കില്‍ കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ ഗോപാലകൃഷ്ണന്‍ സ്ഥാനാര്‍ഥിയാകാന്‍ സാധ്യതയുണ്ട്.
മഹിള മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് നിവേദിത ഗുരുവായൂരില്‍ മത്സരിക്കാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ തവണയും നിവേദിതയായിരുന്നു ഗുരുവായൂരില്‍ സ്ഥാനാര്‍ഥി. ബിജെപി മുന്‍ ജില്ലാ പ്രസിഡന്റും ഇപ്പോള്‍ സംസ്ഥാന സെക്രട്ടറിയുമായ എ.നാഗേഷ് പുതുക്കാട് മണ്ഡലത്തില്‍ മത്സരിച്ചേക്കും. കുന്നംകുളത്ത് കെ.കെ.അനീഷ് കുമാര്‍ സ്ഥാനാര്‍ഥിയാകുമെന്നാണ് റിപ്പോര്‍ട്ട്.