തിരുവനന്തപുരം : ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ ആശുപത്രി ഉപകരണങ്ങൾ ഇല്ലാത്തതിന്റെ പേരിൽ മാറ്റിവെച്ച ശസ്ത്രക്രിയകൾ പുനരാരംഭിച്ചു. മുടങ്ങിയ ആറു ശസ്ത്രക്രിയകൾ ഇന്ന് നടത്തി. അമൃത് ഫാർമസി വഴി ഉപകരണങ്ങൾ എത്തിച്ചതോടെയാണ് പ്രതിസന്ധിക്ക് പരിഹാരം ആയത്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിലാണ് പ്രശ്നപരിഹാരത്തിനു ഉചിതമായ തീരുമാനമെടുത്തത്. 2023ന് ശേഷം കരാർ പുതുക്കാതെ ഉപകരണങ്ങൾ വിതരണം ചെയ്തിരുന്ന കമ്പനികൾ ഇനി മുന്നോട്ട് പോകാനാകില്ലെന്ന് നിലപാടെടുത്തതോടെയാണ് ഉപകരണങ്ങൾക്ക് ക്ഷാമമുണ്ടായത്. കമ്പനികളുടെ മുന്നറിയിപ്പ് കണക്കിലെടുക്കാതെ ആശുപത്രി അധികൃതർ മുന്നോട്ടുപോയാതാണ് രോഗികളെ വലച്ചത്.
രോഗികളുടെ മേൽ ചികിത്സയുമായി ബന്ധപ്പെട്ട് അമിതഭാരം അടിച്ചേൽപ്പിക്കുന്നത് ശെരിയല്ല. ഏത് രാജ്യത്തുണ്ടാക്കിയ ചികിത്സാ ഉപകരണങ്ങളായാലും അത് ജനങ്ങൾക്ക് പ്രാപ്യമായിരിക്കണം.ഇനിയുള്ള ആറ് മാസം ജം പോർട്ടൽ വഴിയായിരിക്കും അമൃത് ഫാർമസിയുടെ എത്തുക. അതിൽ ഏതെങ്കിലും തരത്തിലുള്ള അപര്യാപ്തതകൾ ഉണ്ടെങ്കിൽ അത് പരിഹരിക്കും. ശ്രീചിത്രയിലെ ഡോക്ടർമാരും മറ്റുള്ളവരും സഹകരിച്ചത് കൊണ്ട് മാത്രമാണ് ഈ പ്രതിസന്ധി എത്രയും വേഗം തന്നെ പരിഹരിക്കാനായതെന്നും കേന്ദ്ര മന്ത്രി സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.