ബെംഗളൂരു: പ്രമുഖ ഓൺലൈൻ വ്യാപാര ശൃംഖലകളായ ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് എന്നിവയുടെ പ്രധാന ഗോഡൗണുകളിലും മറ്റ് ഭക്ഷ്യ സംഭരണ വിതരണ കേന്ദ്രങ്ങളിലും കർണ്ണാടക ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പ്രത്യേക പരിശോധനയിൽ വൻ ക്രമക്കേടുകൾ കണ്ടെത്തി. റെയ്ഡിൽ ഏകദേശം 1.38 കോടി രൂപ വിലമതിക്കുന്ന കാലാവധി കഴിഞ്ഞതും കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്താത്തതുമായ ഭക്ഷ്യോത്പന്നങ്ങൾ അധികൃതർ പിടിച്ചെടുത്തു. ഇതിന് പുറമെ വിതരണ കേന്ദ്രങ്ങളിൽ അനുമതിയില്ലാതെ സൂക്ഷിച്ചിരുന്ന 4.02 ലക്ഷം രൂപ വിലവരുന്ന മരുന്നുകളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്.
ഓൺലൈൻ വഴിയും ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ വഴിയും വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ ലക്ഷ്യമിട്ടായിരുന്നു പരിശോധന. ബെംഗളൂരുവിലെ ദേവനഹള്ളി, അനേക്കൽ എന്നിവിടങ്ങളിലെ ആമസോൺ കേന്ദ്രങ്ങളിലും ഹോസ്കോട്ടിലെ സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് കേന്ദ്രത്തിലുമാണ് പ്രധാനമായും പരിശോധനകൾ നടന്നത്. ആമസോൺ ഗോഡൗണുകളിൽ നിന്ന് തെറ്റായ ലേബലിങുള്ളതോ കാലാവധി കഴിഞ്ഞതോ ആയ 56 ലക്ഷം രൂപയുടെ ഭക്ഷ്യവസ്തുക്കളാണ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ഇതിൽ ദേവനഹള്ളിയിലെ കേന്ദ്രത്തിൽ നിന്ന് 24 ലക്ഷം രൂപയുടെ ഭക്ഷണസാധനങ്ങളും 2.45 ലക്ഷം രൂപയുടെ മരുന്നുകളും അനേക്കലിൽ നിന്ന് 32 ലക്ഷം രൂപയുടെ ഭക്ഷണസാധനങ്ങളും 1.57 ലക്ഷം രൂപയുടെ മരുന്നുകളും ലൈസൻസില്ലാതെ സൂക്ഷിച്ചതിന് പിടിച്ചെടുത്തു.






























