കുന്ദമംഗലം : കാരന്തൂരിലെ ടൂറിസ്റ്റ് ഹോമിൽനിന്ന് എംഡിഎംഎ പിടിച്ച കേസിലെ മുഖ്യകണ്ണിയായ കർണാടക മംഗളൂരു സ്വദേശി ഇംറാൻ (30) നെ കർണാടകയിലെ ഹാസനിൽനിന്ന് മെഡിക്കൽ കോളേജ് അസി. കമ്മിഷണർ ഉമേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടി. ജനുവരി 21-ന് കുന്ദമംഗലം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പഞ്ചാബിൽനിന്ന് രണ്ട് ടാൻസാനിയൻ സ്വദേശികളും നോയിഡയിൽനിന്ന് നൈജീരിയൻ സ്വദേശിയും ഉൾപ്പെടെ എട്ടുപേരെ കുന്ദമംഗലം പോലീസ് നേരത്തേ അറസ്റ്റുചെയ്തിരുന്നു. ഈ കേസിലെ നാലാം പ്രതിയാണ് ഇംറാൻ. ഇതോടെ ഒൻപതുപേരെ കേസിൽ അറസ്റ്റ് ചെയ്തു. ഇയാൾ ആഫ്രിക്കൻ സ്വദേശികളിൽനിന്ന് മയക്കുമരുന്ന് മൊത്തമായി വാങ്ങി വിതരണക്കാർക്ക് മൊത്തമായി നൽകുകയുമാണ് ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു.
പ്രതി താമസിച്ചിരുന്ന മുറിയിൽനിന്ന് രണ്ട് മൊബൈൽ ഫോണും നാല് വൈഫൈ റൂട്ടറുകളും, എംഡിഎംഎ വലിക്കാനുപയോഗിക്കുന്ന ഗ്‌ളാസ് കുഴൽ, അളക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രിക് തുലാസ് എന്നിവയും കണ്ടെത്തി. കുന്ദമംഗലം പോലീസ് സൈബർസെല്ലുമായി ചേർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് ഇയാൾ ഹാസനിലുണ്ടെന്ന് കണ്ടെത്തിയത്. ഇയാളുടെ പേരിൽ ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിലും കേസുകളുണ്ട്. തിരുവമ്പാടി പോലീസും കഞ്ചാവു കൈവശം വെച്ചതിന് അറസ്റ്റുചെയ്തിരുന്നു. ഇവയിൽ ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവിൽ കഴിയവേയാണ് അറസ്റ്റ്.കുന്ദമംഗലം പോലീസ് ഇൻസ്‌പെക്ടർ എസ്. കിരൺ, എസ് ഐ നിധിൻ, എസ്സിപിഒമാരായ ബിജു മുക്കം, അജീഷ് താമരശ്ശേരി, വിജേഷ് പുല്ലാളൂർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.