കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ വനിത ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍. കണ്ണൂരില്‍ നിന്നാണ് പ്രതി ബിനു പി ജോണിനെ ഗാന്ധി നഗര്‍ പോലീസ് പിടികൂടിയത്. ആക്രമണത്തില്‍ പരിക്കേറ്റ് പോലീസ് കസ്റ്റഡിയില്‍ കഴിഞ്ഞിരുന്ന ഇയാള്‍ ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിക്കുകയും ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി മുഴക്കുകയുമായിരുന്നു.
ഈ മാസം പതിനേഴിനായിരുന്നു കേസിനാസ്പദമായ സംഭവം. അത്യാഹിത വിഭാഗത്തില്‍ പുലര്‍ച്ചെയായിരുന്നു സംഭവം. ഏറ്റുമാനൂര്‍ പോലീസാണ് രോഗിയെ ആശുപത്രിയില്‍ എത്തിച്ചത്. അക്രമാസക്തനായ ഇയാള്‍, ഡ്യൂട്ടി റൂമില്‍ ഉണ്ടായിരുന്ന ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. ജീവനക്കാര്‍ കെട്ടിയിട്ടതോടെ വനിതാ ഡോക്ടറെ കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനിടെ പ്രതി ആശുപത്രിയില്‍നിന്നു രക്ഷപെടുകയായിരുന്നു.





























