ലഖ്നോ: യുപിയിലെ ബൻഡ ജില്ലയിൽ കഴുത്തറുത്ത നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഏകദേശം 35-40 വയസ് തോന്നിക്കുന്ന സ്ത്രീയുടെ നാലുവിരലുകളും അറുത്തുമാറ്റിയ നിലയിലായിരുന്നു. മൃതദേഹത്തിൽ വളരെ കുറച്ച് വസ്ത്രങ്ങൾ മാത്രമാണുണ്ടായിരുന്നത്. ശിരസ്സ് കുറച്ചകലെ മാറിയാണ് കണ്ടെത്തിയതെന്ന് പോലീസ് സൂപ്രണ്ട് അൻകൂർ അഗർവാൾ പറഞ്ഞു. മധ്യപ്രദേശിലെ ഛതർപൂർ ജില്ലയിൽ നിന്നുള്ള മായാദേവിയാണ് കൊല്ലപ്പെട്ടത് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മൃതദേഹം തിരിച്ചറിയാതിരിക്കാനായി മുടി മുറിച്ചു മാറ്റുകയും പല്ലുകൾ തകർക്കുകയും ചെയ്തിട്ടുണ്ട്. യുവതിയുടെ കുടുംബമാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രഥമദൃഷ്ട്യ തന്നെ പോലീസിന് സംശയമുണ്ടായിരുന്നു.
തുടർന്ന് ചോദ്യം ചെയ്യലിനിടെ ഭർത്താവും മക്കളായ സൂരജ് പ്രകാശും ബ്രിജേഷും അനന്തരവൻ ഉദൈബാനും കുറ്റം സമ്മതിച്ചു. രാംകുമാറിന്റെ രണ്ടാംഭാര്യയാണ് മായാദേവി. തന്റെ മകനുമായി മായാദേവിക്ക് പ്രണയബന്ധമുണ്ട് എന്ന് സംശയിച്ചാണ് കൊലപാതകം നടത്തിയതെന്ന് രാംകുമാർ പോലീസിനോട് പറഞ്ഞു. തുടർന്ന് മായാദേവിയെ നാലുപേരും ചേർന്ന് ചംറഹാ ഗ്രാമത്തിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് കൊലപ്പെടുത്തുകയായിരുന്നു. വാഹനവും കൊലപാതകത്തിന് ഉപയോഗിച്ച കോടാലിയും പോലീസ് കണ്ടെടുത്തു. 24 മണിക്കൂറിനിടെയാണ് പോലീസ് കേസിന് തുമ്പുണ്ടാക്കിയത്. പോലീസ് സംഘത്തിന് സമ്മാനമായി 25,000 രൂപ നൽകുമെന്ന് എസ്.പി അറിയിച്ചു.