ന്യൂഡല്‍ഹി : കർഷക ബില്ലിനും അംഗങ്ങളുടെ സസ്പെന്‍ഷനുമെതിരെ സഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം. സസ്പെന്‍ഷനിലായവര്‍ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ സമരം തുടരും. പ്രതിപക്ഷ നേതാക്കള്‍ സഭയിലും വിഷയം ഉന്നയിക്കുമെന്ന് എളമരം കരീം പറഞ്ഞു. സര്‍ക്കാര്‍ നിലപാടിനെതിരെ രാജ്യസഭയില്‍ പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷ നീക്കം.
8 എംപിമാരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ സമരം ശക്തിപ്പെടുത്തും. സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാർ പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ അനിശ്ചിതകാല പ്രതിഷേധം തുടരുകയാണ്. എംപിമാർ രാത്രി മുഴുവൻ ഗാന്ധി പ്രതിമയ്ക്കു മുന്നിലുണ്ടായിരുന്നു. പാർലമെന്റിൽനിന്ന് രാഷ്ട്രപതി ഭവനിലേക്ക് രാത്രി മാർച്ച് നടത്താൻ ശ്രമിച്ച പഞ്ചാബിൽ നിന്നുള്ള കോൺഗ്രസ് എംപിമാരെ പോലീസ് കയ്യേറ്റം ചെയ്തതായി പരാതിയുണ്ട്.
വിവാദ കർഷക ബില്ലുകളിൽപ്പെട്ട അവശ്യവസ്തു നിയമ ഭേദഗതി ഇന്ന് രാജ്യസഭയിൽ വരും. 1955ലെ അവശ്യവസ്തു നിയമം ഭേദഗതി ചെയ്യാനുള്ള ബിൽ കാർഷികോൽപന്നങ്ങൾ പരിധികളില്ലാതെ സംഭരിച്ചു സൂക്ഷിച്ചു വെയ്ക്കാൻ വ്യവസ്ഥ ചെയ്യുന്നു. പുലർച്ചെ മൂന്നുവരെ ചേർന്ന ലോക്സഭ ഹോമിയോപതി സെൻട്രൽ കൗൺസിൽ ബില്ലും ഇന്ത്യൻ മെഡിസിൻ സെൻട്രൽ കൗൺസിൽ ബില്ലും പാസാക്കി. തൊഴിൽ കോഡുകൾ ലോക്സഭ ഇന്ന് പരിഗണിക്കും.