കൽപറ്റ : വയനാട് മീനങ്ങാടി പഞ്ചായത്തിലെ കൃഷ്ണഗിരി വില്ലേജിലെ തോട്ടത്തിലെ അനധികൃത മരംമുറിയിൽ വില്ലേജ് ഓഫീസർക്ക് സസ്പെൻഷൻ. കൃഷ്ണഗിരി വില്ലേജ് ഓഫീസർ അബ്ദുൽ സലാമിനെയാണ് ജില്ലാ കലക്ടർ എ ഗീത സസ്പെൻഡ് ചെയ്തത്. കൃഷ്ണഗിരി വില്ലേജിലെ 250/1എ/1ബി സർവേ നമ്പരിൽപ്പെട്ട ഭൂമിയിൽ നിന്നാണ് 13 ഈട്ടി മരങ്ങൾ മുറിച്ചുകടത്തിയത്.
ഈ മരങ്ങൾ മുറിക്കാൻ വില്ലേജ് ഓഫീസർ എൻഒസി നൽകിയിരുന്നു. 36 ഈട്ടി മരങ്ങൾ മുറിക്കാനായിരുന്നു വില്ലേജ് ഓഫീസിൽ നിന്ന് എൻഒസി നൽകിയിരുന്നത്. എന്നാൽ ഇതിൽ നിയമപ്രശ്നങ്ങൾ ഉണ്ടെന്ന് വ്യക്തമായതോടെ സുൽത്താൻ ബത്തേരി തഹസീൽദാർ ഇതിന് സ്റ്റോപ്മെമ്മോ നൽകി.