തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്റെ അപകടമരണം അന്വേഷിക്കാനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക. പ്രദീപിനെ ഇടിച്ചിട്ട വാഹനം കണ്ടെത്താനാണ് പോലീസിന്റെ ശ്രമം.
തിങ്കളാഴ്ച്ച വൈകുന്നേരം മൂന്നരയോടെയാണ് വാഹനാപകടത്തില്‍ എസ് വി പ്രദീപ് മരിച്ചത്. തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്താണ് അപകടം ഉണ്ടായത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന പ്രദീപിനെ അതേദിശയില്‍ നിന്നും വന്ന കാര്‍ ഇടിച്ചു തെറിപ്പിച്ചശേഷം വാഹനം നിര്‍ത്താതെ പോകുകയായിരുന്നു. അപകട സ്ഥലത്ത് സിസിടിവി ക്യാമറകള്‍ ഉണ്ടായിരുന്നില്ല. ആളൊഴിഞ്ഞ സ്ഥലത്ത് പരിക്കേറ്റ് കിടന്ന പ്രദീപിനെ ഏറെനേരം കഴിഞ്ഞാണ് കണ്ടെത്തിയത്. അപകടമുണ്ടാക്കിയ കാര്‍ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
ജയ്ഹിന്ദ്, കൈരളി, ന്യൂസ് 18, മീഡിയാ വണ്‍, മംഗളം എന്നീ വാര്‍ത്താചാനലുകളില്‍ മാധ്യമ പ്രവര്‍ത്തകനായിരുന്ന പ്രദീപ് നിലവില്‍ ചില ഓണ്‍ലൈന്‍ മാധ്യമ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച് വരികയായിരുന്നു.