പത്തനംതിട്ട : ജില്ലാ ആസൂത്രണ സമിതിയിലെ സര്‍ക്കാര്‍ നോമിനിയായി മുന്‍ ജില്ലാ പഞ്ചായത്തംഗം എസ്.വി. സുബിനെ നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. കുന്നന്താനം ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ്, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എസ്എഫ്‌ഐയിലൂടെയാണ് സുബിന്‍ പൊതു പ്രവര്‍ത്തനം ആരംഭിക്കുന്നത്. എസ്എഫ്‌ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
അടച്ചു പൂട്ടല്‍ ഭീഷണി നേരിട്ട പാലയ്ക്കല്‍ത്തകിടി സെന്റ് മേരീസ് സര്‍ക്കാര്‍ സ്‌കൂളില്‍ മകനെ ചേര്‍ത്ത് സാമൂഹ്യ ഇടപെടലിലൂടെ ഉന്നത നിലവാരത്തിലെത്തിക്കുവാന്‍ പി ടി എ പ്രസിഡന്റ് എന്ന നിലയില്‍ നടത്തിയ ശ്രദ്ധേയമായ പ്രവര്‍ത്തനം ഉള്‍പ്പെടെ സാമൂഹികാരോഗ്യ മേഖലയില്‍ സജീവമായ സാന്നിധ്യമാണ് സുബിന്‍. കാല്‍ നൂറ്റാണ്ടായി തരിശ് കിടന്ന കവിയൂര്‍ പുഞ്ചയെ കതിരണിയിക്കാന്‍ ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനം ജില്ലാ പഞ്ചായത്തംഗം എന്ന നിലയില്‍ ജില്ലയില്‍ പ്രധാന പദ്ധതിയായി.