തിരുവനന്തപുരം: സംസ്ഥാനത്ത് ഉന്നത പദവി വഹിക്കുന്ന നേതാവിനെതിരെ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയും സരിത്തും കസ്റ്റംസിന് നല്‍കിയ മൊഴി പുറത്ത്. പണം അടങ്ങിയ ബാഗ് നേതാവ് തന്റെ ഔദ്യോഗിക വസതിയില്‍ വെച്ചാണ് തങ്ങള്‍ക്കു കൈമാറിയതെന്നും അത് യു.എ.ഇ കോണ്‍സുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥനു കൈമാറിയെന്നുമുള്ള ഗുരുതര മൊഴിയാണ് കസ്റ്റംസിന് നല്‍കിയിരിക്കുന്നത്. ഡോളര്‍ കടത്തില്‍ ഈ നേതാവിനു പങ്കുണ്ടെന്ന് പ്രതികള്‍ മൊഴി നല്‍കിയതിനു പിന്നാലെയാണ് പുതിയ മൊഴിയും പുറത്തുവന്നിരിക്കുന്നത്.
നേതാവ് ആദ്യം പേട്ടയിലുള്ള ഒരു പ്രവാസിയുടെ ഫ്ലാറ്റില്‍ എത്താനാണ് തന്നോട് ആവശ്യപ്പെട്ടതെന്ന് സ്വപ്ന പറയുന്നു. നാലാം നിലയിലെ ഫ്ലാറ്റില്‍ സരിത്തിനെയും കൂട്ടി ചെല്ലുമ്പോള്‍ നേതാവ് ഗസല്‍ കേട്ടിരിക്കുകയായിരുന്നു. അവിടെനിന്നു സ്വപ്നയുടെ വാഹനത്തിലാണ് ഔദ്യോഗിക വസതിയിലേക്കു പോയത്. ഔദ്യോഗിക വസതിയില്‍വെച്ച് നേതാവ് നല്‍കിയ പണം അടങ്ങിയ ബാഗ് സ്വപ്ന വാങ്ങി തന്നെ ഏല്‍പ്പിച്ചെന്നും കോണ്‍സുലേറ്റിലെ ഉന്നതനു നല്‍കണമെന്നു പറഞ്ഞെന്നുമാണ് സരിത്തിന്റെ മൊഴി. സരിത്തിന്റെ മൊഴി സ്വപ്നയും ശരിവച്ചിട്ടുണ്ട്. ലണ്ടനിലുള്ള മലയാളി ദമ്പതികളുടേതാണ് പേട്ടയിലെ ഫ്ലാറ്റ്. പണം കൈമാറിയെന്നു പറയുന്ന കാലത്ത് ആരാണ് ഈ ഫ്ലാറ്റ് ഉപയോഗിച്ചിരുന്നതെന്നും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്.