കൊച്ചി : സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് യു.എ.ഇ.യിൽ നിന്നുള്ള പ്രളയദുരിതാശ്വാസ സഹായത്തിലും വെട്ടിപ്പ് നടത്തി. ഇതുൾപ്പെടെ ഇടനിലക്കാരിയായി സ്വപ്ന കോടിക്കണക്കിനു രൂപ നേടി. യു.എ.ഇ.യിലെ സന്നദ്ധസംഘടന കേരളത്തിലെ ഭവനനിർമാണത്തിനായി നൽകിയ ഒരുകോടി ദിർഹത്തിന്റെ (ഏതാണ്ട് 20 കോടി രൂപ) സഹായത്തിലാണ് വെട്ടിപ്പ് നടന്നത്. എന്നാൽ സ്വപ്ന മൊഴിനൽകിയത് 1.38 കോടി രൂപമാത്രമാണ് ഇടനിലക്കാരിയായി നേടിയതെന്നാണ്. ഇത് കസ്റ്റംസ് വിശ്വസിച്ചിട്ടില്ല. കോടിക്കണക്കിനു രൂപ സ്വപ്നയ്ക്കും സംഘത്തിനും ലഭിച്ചിട്ടുണ്ടെന്നും പിടിയിലാവുന്നതിനു മുമ്പ് ഇത് ഒളിപ്പിച്ചിരിക്കാൻ സാധ്യതയുണ്ടെന്നും അന്വേഷണസംഘം കരുതുന്നു.
സ്വപ്നയുടെ അക്കൗണ്ടിലേക്ക് 1.35 ലക്ഷം ഡോളർ വന്നതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇതിനുപുറമേ 50,000 ഡോളർകൂടി തനിക്ക് മറ്റു രീതിയിൽ പ്രതിഫലം കിട്ടിയതായി സ്വപ്ന മൊഴിനൽകിയിട്ടുണ്ട്. എന്നാൽ കഴിഞ്ഞവർഷം യു.എ.ഇ.യിലെ പ്രമുഖ സന്നദ്ധസംഘടന കേരളത്തിന്റെ പുനർനിർമാണത്തിനായി 20 കോടി രൂപ ആദ്യഘട്ടമെന്ന നിലയ്ക്ക് നൽകിയിരുന്നു. വീടുകളും ചികിത്സാസൗകര്യങ്ങളും ഒരുക്കാനായിരുന്നു ഇത്. ഇതിനുള്ള ധാരണാപത്രം കേരളവും സന്നദ്ധസംഘടനാ പ്രതിനിധികളും ഒപ്പുവെച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലായിരുന്നു ഇത്. യു.എ.ഇ. കോൺസുൽ ജനറൽ ജമാൽ ഹുസൈൻ അൽസാബിയും ചടങ്ങിലുണ്ടായിരുന്നു. ഇതിലും സ്വപ്ന ഇടനിലക്കാരിയായിരുന്നെന്നാണ് കരുതുന്നത്.
കേരളത്തിനും യു.എ.ഇ.ക്കുമിടയിൽ സർക്കാർതലത്തിലും സ്വകാര്യസംരംഭങ്ങളിലും ഇടനിലക്കാരിയായി സ്വപ്നയുണ്ടായിരുന്നു. കോൺസുൽ ജനറലിനും അറ്റാഷെയ്ക്കും സമാനമായതോതിൽ വിഹിതം കിട്ടിയിരുന്നതായും സ്വപ്ന കസ്റ്റംസിനോടു വെളിപ്പെടുത്തി. യു.എ.ഇ.യുമായി ബന്ധപ്പെട്ട് സഹായം ലഭിക്കാൻ എല്ലാവരും സ്വപ്നയെയാണു സമീപിച്ചിരുന്നത്. സഹായനിധികളിൽനിന്നു സ്വപ്നയ്ക്കും കൂട്ടർക്കും കൃത്യമായ വിഹിതം വന്നിരുന്നു. നേരത്തേ ഒരുകോടി രൂപയും ഒരുകിലോ സ്വർണവും സ്വപ്നയുടെ ബാങ്ക് ലോക്കറിൽനിന്നു കണ്ടെടുത്തിരുന്നു. ഇത് ഈ രീതിയിൽ കിട്ടിയ പണമാണെന്നാണ് കസ്റ്റംസ് കരുതുന്നത്.
ഇത്തരത്തിൽ കിട്ടിയ പണം കണക്കിൽപ്പെടുത്താനാണ് എം. ശിവശങ്കർ വഴി തിരുവനന്തപുരത്തെ ചാർട്ടേഡ് അക്കൗണ്ടന്റിന്റെ സഹായം തേടിയത്. ഇക്കാര്യങ്ങൾ ഉറപ്പുവരുത്താൻ ശിവശങ്കറിനെ വീണ്ടും ചോദ്യംചെയ്യുന്നതിനെക്കുറിച്ച് കസ്റ്റംസ് ആലോചിക്കുന്നുണ്ട്. സ്വപ്നയുടെ ഇടപാടുകൾ കൈവിട്ടുപോവുന്നു എന്നുകണ്ട് ഒരിക്കൽ അവരെ താക്കീത് ചെയ്തിരുന്നതായി ശിവശങ്കർ വെളിപ്പെടുത്തിയിരുന്നു.