നിലമ്പൂർ: നിലമ്പൂരിൽ ഞങ്ങൾ രാഷ്ട്രീയം പറയുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കരുത്തനായ സ്ഥാനാർത്ഥിയാണ് സ്വരാജ്. രാഷ്ട്രീയവും സർക്കാറിൻ്റെ വികസന പ്രവർത്തനങ്ങളും ഉയർത്തി കാണിക്കും. ദേശീയ പാത വികസനം തടസപ്പെടുത്താൻ ഇടപ്പെട്ടവരാണ് ഇപ്പോൾ ആരോപണങ്ങൾ ഉന്നയിക്കുന്നത്. നിധിൻ ഗഡ്ഗരി തന്നെ മാതൃകാപരം എന്ന് പറഞ്ഞതാണ് ദേശീയപാത പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. ജൂൺ നാലിന് NH വിഷയത്തിൽ മുഖ്യമന്ത്രിക്ക് ഒപ്പം നിധിൻ ഗഡ്കരിയെ കാണും. നിലമ്പൂരിൽ എല്ലാ വിഷയവും ചർച്ച ചെയ്യും. സ്വരാജ് പ്രളയ സമയത്ത് വന്നിട്ടുണ്ട്. പ്രിയങ്കാ ഗാന്ധി മുഴുവൻ സമയം ഉണ്ടായിട്ടാണോ ജയിച്ചതെന്നും ഇതെല്ലാം ബാലിശമായ വാദമാണെന്നും അദ്ദേഹം പറഞ്ഞു.
നിലമ്പൂരിൽ ബിജെപി- സിപിഎം ബന്ധമെന്ന ആരോപണത്തിലും അദ്ദേഹം മറുപടി പറഞ്ഞു. 1991 ലെ കോലിബി സഖ്യത്തിലെ മുഖ്യ കഥാപാത്രമാണ് കെ മുരളീധരൻ. അന്ന് അദ്ദേഹം എം.പി ആയിരുന്നു. തൃശൂരിൽ കെ മുരളിധരൻ തോറ്റതെങ്ങനെ എന്ന് അദ്ദേഹം പറഞ്ഞതല്ലേ. തൃശൂരിൽ ഒറ്റുകാരുടെ റോൾ വഹിച്ചവർക്ക് എതിരെ നടപടി എടുത്തോ കോൺഗ്രസ് എന്നും അദ്ദേഹം ചോദിച്ചു. ദേശീയപാത വികസനം പദ്ധതി നടക്കില്ല എന്ന് പറഞ്ഞത് കെ സി വേണുഗോപാലിൻ്റെ പാർട്ടിയാണ്. ദേശീയ പാത നിശ്ചയദാർഢ്യത്തെ തുടർന്നാണ് യാഥാർത്ഥ്യമായത്. എൽഡിഎഫ് സർക്കാർ വന്നത് കൊണ്ട് മാത്രം ആണ് നടപ്പിലായത്. വ്യക്തിഹത്യ തുടർന്നോട്ടെ. ജനങ്ങൾക്കിടയിൽ നല്ല മതിപ്പായതിനാൽ ട്രോളിനെ പേടിയില്ല. ട്രോൾ പേടിച്ച് ഓടി ഒളിക്കുന്നില്ല. എത്ര ആക്രമണം വേണമെങ്കിലും ഉണ്ടായിക്കോട്ടെ എന്നും അദ്ദേഹം പറഞ്ഞു.