കൊച്ചി: സീറോമലബാര്‍ സഭയ്ക്ക് പുതിയ മെത്രാന്മാരെ പ്രഖ്യാപിച്ചു. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ വിരമിക്കുന്ന ഒഴിവില്‍ പുതിയ മെത്രാനായി മാര്‍ ജോസ് പുളിക്കലിനെ (55) സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സിനഡ് നിയമിച്ചു. പാലക്കാട് ഫാ. പീറ്റർ കൊച്ചുപുരയ്ക്കലിനെ പുതിയ സഹായ മെത്രാനായി പ്രഖ്യാപിച്ചു. നിലവില്‍ പാലക്കാട് രൂപത ചാന്‍സലറാണ് ഫാ. പീറ്റര്‍ കൊച്ചുപുരയ്ക്കല്‍. സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ബുധനാഴ്ച വൈകുന്നേരം 4.30നായിരുന്നു പ്രഖ്യാപനം. മാര്‍ ജോസ് പുളിക്കലിന്റെ സ്ഥാനാരോഹണം ഫെബ്രുവരി മൂന്നിന് രാവിലെ കാഞ്ഞിപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലില്‍ നടക്കും.
75 വയസ് പൂര്‍ത്തിയായ മാര്‍ മാത്യു അറയ്ക്കല്‍, സഭാ കീഴ്വഴക്കമനുസരിച്ച് രാജി സമര്‍പ്പിക്കുകയും സിനഡ് രാജി അംഗീകരിക്കുകയും ചെയ്ത ഒഴിവിലാണ് മാര്‍ ജോസ് പുളിക്കലിന്റെ നിയമനം. 2016 ജനുവരി മുതല്‍ കാഞ്ഞിരപ്പള്ളി രൂപത സഹായ മെത്രാനായി ശുശ്രൂഷ ചെയ്യുകയാണ് മാര്‍ പുളിക്കല്‍. 1964 മാര്‍ച്ച് മൂന്നിന് ജനിച്ച മാര്‍ ജോസ് പുളിക്കല്‍ മുണ്ടക്കയം ഇഞ്ചിയാനി ഇടവക പുളിക്കല്‍ ആന്റണി – മറിയാമ്മ ദമ്പതികളുടെ ഏകപുത്രനാണ്.