പന്തളം : കക്കൂസ് മാലിന്യം ഒഴുക്കി കളയണമെങ്കില്‍ പന്തളം നഗരസഭയുടെ ഒന്നാം വാര്‍ഡിലെ ഐരാണിക്കുഴി പാലത്തിനു സമീപം എത്തുക. വാര്‍ഡിലെ ജനപ്രതിനിധി അതിനുള്ള സൗകര്യം അവിടെ ഒരുക്കിയിട്ടുണ്ട്. ഇവിടെ മാലിന്യം നിക്ഷേപിക്കുന്നത് ശിക്ഷാര്‍ഹമാണെന്നുള്ള ഒരു ബോര്‍ഡും നഗരസഭ അവിടെ കുഴിച്ചു വെച്ചിട്ടുണ്ട്. സംശയിക്കേണ്ട, അവിടെത്തന്നെയാണ് മാലിന്യം ഇടേണ്ടത്. കഴിഞ്ഞ രണ്ടുവര്‍ഷമായി ഇവിടെ മാലിന്യ നിക്ഷേപം ഭംഗിയായി നടക്കുന്നു. നാറിയിട്ട് നടക്കാന്‍ പോയിട്ട് …..വണ്ടിയില്‍ പോലും പോകാന്‍ കഴിയില്ല. കക്കൂസ് മാലിന്യം നിറഞ്ഞുകിടക്കുന്നതിനാല്‍ റബര്‍ ടാപ്പിംഗ് പോലും നിര്‍ത്തി വെച്ചിരിക്കുകയാണ് കര്‍ഷകര്‍.
പത്തനംതിട്ട ആലപ്പുഴ ജില്ലകൾ അതിരു പങ്കിടുന്ന പന്തളം ഐരാണിക്കുഴി പാലത്തിനോട് അടുത്ത് പന്തളം മാവേലിക്കര റോഡിനു ഇരുവശത്തുമായിട്ടാണ് രാത്രിയുടെ മറവിൽ കക്കൂസ്, അറവു മാലിന്യങ്ങൾ നിക്ഷേപിക്കുന്നത്. പന്തളം നഗരസഭയുടെ ഒന്നും മുപ്പത്തിമൂന്നും വാര്‍ഡുകള്‍ ആണ് റോഡിന് ഇരുവശത്തും. അടുത്ത പ്രദേശങ്ങളില്‍ നിന്നെല്ലാം മാലിന്യം കൊണ്ടുവന്ന് നിക്ഷേപിക്കുന്നത് ഇവിടെയാണ്. വാര്‍ഡ് കൌണ്‍സിലര്‍മാര്‍ക്ക് ഒരു പരാതിയുമില്ല. എന്നാല്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി ഇവരോട് പരാതിയും ആവലാതിയും പറഞ്ഞ് മടുത്തിരിക്കുകയാണ് നാട്ടുകാര്‍. നഗരസഭക്കും അനക്കമില്ല. ഒരു കൌണ്‍സിലറുടെ വളരെ വേണ്ടപ്പെട്ടയാളുടെ ടാങ്കര്‍ വണ്ടിയാണ് സ്ഥിരമായി ഇവിടെ കക്കൂസ് മാലിന്യം ഒഴുക്കുന്നതെന്നും അതുകൊണ്ടാണ് കൌണ്‍സിലറും നഗരസഭയും തങ്ങളുടെ പരാതി അവഗണിക്കുന്നതെന്നും നാട്ടുകാര്‍ രോഷത്തോടെ പറയുന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ തക്ക മറുപടി നല്കുമെന്നുതന്നെയാണ് സമീപവാസികള്‍ ഒറ്റക്കെട്ടായി പറയുന്നത്.
ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഈ പ്രശ്‌നത്തിൽ യാതൊരുവിധ പരിഹാര നടപടികളും നഗരസഭാ അധികൃതരുടെ ഭാഗത്തു നിന്നും ഇതുവരെ ഉണ്ടായിട്ടില്ല. സി.സി.ടി.വി ക്യാമറകള്‍ ഇവിടെ സ്ഥാപിക്കണമെന്നും പോലീസിന്റെ നൈറ്റ് പെട്രോളിംഗ് കാര്യക്ഷമമാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.