കോഴിക്കോട്: കൂടത്തായ് കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട മുഖ്യപ്രതി ജോളി ജോസഫുമായി കോടതി വരാന്തയിൽ സംസാരിച്ച ബന്ധുവിനെ ക്രൈം ബ്രാഞ്ച് ജില്ലാ ഓഫീസിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്തു. ജോളി കൊലപ്പെടുത്തിയ പൊന്നാമറ്റം ടോം തോമസിന്റെ സഹോദരപുത്രനായ പി.എച്ച് . ജോസഫ് ഹില്ലാരിയോസിനെയാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആർ. ഹരിദാസ് ഇന്നലെ വിശദമായി ചോദ്യം ചെയ്തത്. ജോളിയുടെ ഭർത്താവ് റോയ് തോമസ് കൊല്ലപ്പെട്ട കേസിൽ സാക്ഷിയായ ജോസഫിൽ നിന്ന് കോടതി നേരത്തെ രഹസ്യ മൊഴിയെടുത്തിരുന്നു.
ജോളിക്കെതിരെ ശക്തമായ മൊഴി നൽകിയ ശേഷം അവരുടെ സ്വാധീനത്തിന് വഴങ്ങിയതാണോ എന്നറിയാനാണ് ഇദ്ദേഹത്ത പോലീസ് ഇന്നലെ ചോദ്യം ചെയ്തത്. സഹോദരനുമായുള്ള സ്വത്ത് തർക്കകേസിന്റെ ആവശ്യത്തിനായി കോടതിയിലെത്തിയപ്പോൾ വരാന്തയിൽ നിന്നിരുന്ന ജോളി അടുത്തേക്ക് വന്ന് സംസാരിക്കുകയായിരുന്നെന്ന് ജോസഫ് മൊഴിനൽകി. തന്നെക്കുറിച്ച് പൊന്നാമറ്റം കുടുംബാംഗങ്ങൾക്ക് ഇപ്പോൾ എന്തഭിപ്രായമാണുള്ളതെന്നു ജോളി ചോദിച്ചതായും പത്രവാർത്ത നീ കാണാറില്ലേ അതേ അഭിപ്രായമാണ് എല്ലാവർക്കും ഉള്ളതെന്ന് മറുപടി നൽകിയതായും ജോസഫ് പോലീസിനോട് പറഞ്ഞു. കൂടെയുണ്ടായിരുന്ന വനിതാ പോലീസുകാർ ജോളിയുമായി സംസാരിക്കാൻ അനുമതി നൽകിയതായും ജോസഫ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ ജോളിക്ക് എസ്കോർട്ട് പോയ വനിതാ പോലീസുകാരോട് വിശദീകരണം തേടും. വിശദീകരണം തൃപ്തികരമല്ലെങ്കിൽ പോലീസുകാർക്കെതിരെ നടപടി ഉണ്ടായേക്കും. അഭിമുഖത്തിന് അവസരമൊരുക്കിയ പോലീസിന് ഗുരുതര വീഴ്ച പറ്റിയതായി ആരോപണം ഉയർന്നിട്ടുണ്ട്.