കൊച്ചി : സിറോ മലബാർ സഭയിലെ കുർബാന ഏകീകരണത്തിൽ നിലപാടില്‍ ഉറച്ച് ഇരുവിഭാഗവും. പുതിയ ആരാധനാക്രമം അടുത്ത ഞായാറാഴ്ച തന്നെ തുടങ്ങുമെന്ന് സഭാനേതൃത്വം അറിയിച്ചു. ഒരു വിഭാഗം വൈദികരും, വിശ്വാസികളും പ്രക്ഷോഭം ശക്തമാക്കുന്നതിനിടെയാണ് കർദ്ദിനാൾ നിലപാട് പരസ്യമാക്കിയത്. അതേസമയം മറുനീക്കവുമായി വിമത വിഭാഗം വൈദികരും രംഗത്തെത്തി.
കർദിനാൾ മാർ ജോർജ് ആലഞ്ചേരിയാണ് ആദ്യ കുർബാന അർപ്പിക്കുക. എറണാകുളം സെന്റ് മേരീസ് കത്തീട്രലിൽ രാവിലെ എട്ടിനാകും ആരാധന തുടങ്ങുക. സെന്റ് മേരീസ് കത്തീട്രൽ പളളി വികാരിയാണ് ഇക്കാര്യം കുർബാന മധ്യേ ഇന്ന് അറിയിച്ചത്. മറ്റ് ഇടവകകളിൽ പുതുക്കിയ കുർബാന ക്രമം തുടങ്ങുന്നതിന് ഈസ്റ്റർ വരെ നേരത്തെ സിനഡ് അനുമതി നൽകിയിരുന്നു.
അതേസമയം മറുനീക്കവുമായി വിമത വിഭാഗം വൈദികരും രംഗത്തെത്തി. അടുത്ത ഞായറാഴ്ച നിലവിലെ രീതിയിലുളള ജനാഭിമുഖ കുർബാന സെന്റ് മേരീസ് കത്തീട്രലിൽ തന്നെ അർപ്പിക്കുമെന്നാണ് വിമതവിഭാഗം പറയുന്നത്. മുന്നൂറോളം വൈദികർ പങ്കെടുക്കുമെന്നും അറിയിപ്പുണ്ട്. വൈകിട്ട് മൂന്നിനാകും കുർബാന അർപ്പണം. ജനാഭിമുഖ കുർബാന തുടങ്ങിയ കർദിനാൾ പാറേക്കാട്ടിൽ ഓർമദിനമായി ആചരിക്കും. കഴിഞ്ഞ ദിവസം വൈദികരും വിശ്വാസികളും സഭാ ആസ്ഥാനത്തേക്ക് പ്രതിഷേധവുമായി എത്തിയിരുന്നു.