പത്തനംതിട്ട: ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങള്‍ ആരുടെയും ഔദാര്യമല്ലന്ന് മന്ത്രി കെ രാജു. എസ്.വൈ.എസ് സംഘടിപ്പിച്ച ‘പൗരത്വം ഔദാര്യമല്ല, യുവത്വം നിലപാട് പറയുന്നു’എന്ന ശീര്‍ഷകത്തില്‍ എസ്.വൈ.എസ് സംഘടിപ്പിച്ച ജില്ലാ യുവജന റാലിയും പൊതു സമ്മേളനവും പത്തനംതിട്ടയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ മതേതരത്വത്തെ കളങ്കപ്പെടുത്തി ഭാരതത്തെ തന്നെ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നകയാണ്. ഇന്ത്യ ഏതെങ്കിലും ഒരു മതത്തിന്റെ അടിസ്ഥാനത്തില്‍ നിലനില്‍ക്കുന്ന രാജ്യമല്ല, അതിനാലാണ് ഇന്ത്യ ഇന്ത്യയായി തന്നെ നില നില്‍ക്കുന്നത്. ഇന്ത്യാ മഹാരാജ്യം വിവിധ സംസ്‌കാരങ്ങളുടെയും മതങ്ങളുടെയും സംഗമഭൂമിയാണ്. വ്യത്യസ്ഥ ജാതികളും അതിന്റെ ഉപജാതികളും ഭാഷാ സംസ്‌കാരങ്ങളും ആചാര അനുഷ്ഠാനങ്ങളും നിലനില്‍ക്കുന്ന ആര്‍ഷ ഭാരത ഭുമിയാണ്. അതിനാല്‍ തന്നെ ഇന്ത്യയില്‍ സ്വാതന്ത്രത്തോടെയും സഹവര്‍ത്തിത്തോടെയും വിത്യസ്ഥ ജനവിഭാഗങ്ങള്‍ക്ക് ജീവിക്കാന്‍ ഭരണഘടന ഉറപ്പ് നല്‍കുന്നുണ്ട്. ഇന്ത്യയുടെ ഭരണ ഘടന ഒരു സുപ്രഭാതത്തില്‍ പൊട്ടിമുളച്ചു വന്നതല്ലെന്നും മന്ത്രി ഓര്‍മ്മപ്പെടുത്തി. ഡോ. ബി. ആര്‍ അംബേദ്ക്കറുടെ നേതൃത്വത്തില്‍ രണ്ടരവര്‍ഷക്കാലം എടുത്ത് എഴുതപ്പെട്ടതാണ് ഭാരത്തിന്റെ ഭരണഘടന. കേന്ദ്രത്തില്‍ ഇരിക്കുന്ന ഭരണകര്‍ത്താക്കളുടെ തെറ്റായ നിലപാട് മൂലം ഭരണഘടനക്കുണ്ടായ വലിയ വിപത്തിനെതിരേ രാജ്യത്ത് വന്‍ ജനകീയ പ്രതിഷേധമാണ് നടക്കുന്നത്.
രാജ്യത്തെ വിഭജിക്കപ്പെടുന്ന ഈ പൗരത്വ ഭേദഗതി നിയമത്തിനെതിരേ വിദ്യാര്‍ഥികള്‍ അടക്കം ഏല്ലാ വിഭാഗം ജനങ്ങളും പ്രതിഷേധത്തില്‍ പങ്കാളികളാണ്. ഒരു പ്രത്യേക മതവിഭാഗത്തോട് കാട്ടുന്ന വിവേചനം തന്നെയാണ പൗരത്വം ഭേദഗതി നിയമം. ഇത് ഭരണഘടന വിരുദ്ധമാണ്. ഭരണഘടന അനുവദിച്ചിട്ടുള്ള രീതിയിലാണ് നിയമങ്ങള്‍ നടപ്പാക്കേണ്ടത്. അല്ലാതെ സഭയില്‍ ഭൂരിപക്ഷമുണ്ടെന്ന് കരുതി പോക്കറ്റില്‍ കിടക്കുന്ന കടലാസെടുത്ത് വായിച്ചിട്ട് നിയമമാക്കി എന്ന് പറഞ്ഞാല്‍ അംഗീകരിക്കാന്‍ കഴിയില്ല. ഇതൊക്കെ ജനാതിപത്യ വിരുദ്ധമാണ്. കേരളം ഈ നിയമത്തിനെതിരെ ഒറ്റക്കെട്ടാണെന്നും, ഇതില്‍ ഭരണ പ്രതിപക്ഷ വിത്യാസമില്ലെന്നും മന്ത്രി പറഞ്ഞു. ഇതിനോടൊപ്പം എസ്‌വൈഎസ് ഉള്‍പ്പെടെ വിവിധ മത സാമൂഹിക സാംസ്‌ക്കാരിക സംഘടനകള്‍ ഒന്നിച്ചണിനിരന്നിരിക്കുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ നിന്നും യുവജന റാലി തുടങ്ങി മുനിസിപ്പൽ പ്രൈവറ്റ് ബസ്റ്റാൻഡിൽ സമാപിച്ചു. മുസ്ലീം ജമാ അത്ത് ജില്ലാ പ്രസിഡന്റ് അഷ്റഫ് ഹാജി അലങ്കാർ അധ്യക്ഷത വഹിച്ചു.എസ് വൈ എസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ: മുഹമ്മദ് കുഞ്ഞ് സഖാഫി പ്രമേയ പ്രഭാഷണവും സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജലീൽ സഖാഫി കടലുണ്ടി മുഖ്യ പ്രഭാഷണവും നടത്തി. ആന്റോ ആന്റണി എം പി, കെ യു ജനീഷ് കുമാർ എം എൽ എ മുഖ്യ അതിഥികളായിരുന്നു. സമസ്ത കേന്ദ്ര മുശാവറ അംഗം എ താഹ മുസ്ലിയാർ കായംകുളം, ഡോ: അലി അൽ ഫൈസി, എ പി മുഹമ്മദ് അഷ്ഹർ, അഡ്വ ഡി സക്കീർ ഹുസൈൻ, മുസ്ലീംലീഗ് ജില്ലാ പ്രസിഡന്റ് ടി എം ഹമീദ്, സലാഹുദ്ദീൻ മദനി, മുഹമ്മദ് ഷിയാഖ് ജൗഹരി, സയ്യിദ് ഫഖ്റുദ്ദീൻ ബുഖാരി, അനസ് പൂവാലം പറമ്പിൽ, സുധീർ വഴി മുക്ക്, സുലൈമാൻ നിരണം, മുത്തലിബ് അഹ്സനി,സലാം സഖാഫി, നൈസാം സഖാഫി, എന്നീവർ പ്രസംഗിച്ചു.