ആലപ്പുഴ / പത്തനംതിട്ട : ടി.നസ്സിറുദ്ദീനു നേരെയുള്ള കയ്യേറ്റശ്രമത്തില്‍ കോഴിക്കോട് സിറ്റി പോലീസിന് ശക്തമായ മുന്നറിയിപ്പുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. ഏവരും ബഹുമാനിക്കുന്ന കാക്കി യൂണിഫോം ഇട്ടുകൊണ്ട് തെരുവുഗുണ്ടയുടെ ശൈലിയില്‍ വ്യാപാരികളോട് കൊമ്പുകോര്‍ക്കാന്‍ ശ്രമിക്കേണ്ടെന്നും റ്റി, നസ്സിറുദ്ദീന്റെ ദേഹത്ത് തൊട്ടുകളിക്കാന്‍ വന്നാല്‍ കേരളത്തിലെ പതിനഞ്ചുലക്ഷത്തോളം വ്യാപാരികള്‍ കയ്യുംകെട്ടി നോക്കിയിരിക്കില്ലെന്നും കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്സര മുന്നറിയിപ്പു നല്‍കി.
കേരളത്തിലെ ബഹുഭൂരിപക്ഷം വ്യാപാരികളുടെ അനിഷേധ്യ നേതാവും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻ്റുമാണ് റ്റി, നസ്സിറുദ്ദീന്‍. 75 വയസ്സ് പ്രായമുള്ള മുതിർന്ന വ്യാപാരിയായ ടി.നസ്സിറുദ്ദീൻ തന്റെ സ്ഥാപനം തുറക്കാൻ എത്തിയപ്പോൾ കോഴിക്കോട് സിറ്റി പോലീസ് അദ്ദേഹത്തോട് അപമര്യാദയായി പെരുമാറുകയായിരുന്നു. മുതിര്‍ന്ന പൌരനും രോഗബാധിതനുമായ അദ്ദേഹത്തെ തള്ളിയിടാനാണ് പോലീസ് ശ്രമിച്ചത്. നിയമം ലംഘിച്ചിട്ടുണ്ടെങ്കില്‍ അതിന് കേസെടുക്കണം. തെളിവുകള്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്യാം.. നീതിപീഠമാണ് ശിക്ഷ വിധിക്കേണ്ടത്. എന്നാല്‍ കാക്കി ദേഹത്ത് കിടന്നാല്‍ കണ്ണു കാണാത്തവര്‍ ഇവിടെ ശിക്ഷാവിധിയുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ്. പോലീസിന്റെ ഈ നടപടിയെ ഒരു രീതിയിലും അംഗീകരിക്കില്ല. ടി.നസ്സിറുദ്ദീനെ കയ്യേറ്റം ചെയ്യുവാന്‍ തുനിഞ്ഞ പോലീസ് ഉദ്യോഗസ്ഥനെതിരെ കര്‍ശനമായ അച്ചടക്ക നടപടികൾ സ്വീകരിച്ചില്ലെങ്കിൽ സംസ്ഥാന വ്യാപകമായ സമരങ്ങള്‍ക്ക് തുടക്കംകുറിക്കുമെന്ന് രാജു അപ്സര മുന്നറിയിപ്പു നല്‍കി.
ടി.നസ്സിറുദ്ദീനു നേരെയുള്ള കയ്യേറ്റ ശ്രമത്തില്‍ കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട ജില്ലാക്കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. ലുലു മാൾ പോലെയുള്ള വമ്പൻ ഹൈപ്പർ മാർക്കറ്റുകൾ തുറക്കാന്‍ അനുമതി നൽകുകയും കേരളത്തിലെ ചെറുകിട വ്യാപാരസ്ഥാപനങ്ങള്‍ തുറക്കരുതെന്ന് പറയുകയും ചെയ്യുന്നതിന്റെ ഉദ്ദേശശുദ്ധി വ്യക്തമാക്കണമെന്ന് ജില്ല പ്രസിഡന്റ് എ.ജെ ഷാജഹാന്‍ ആവശ്യപ്പെട്ടു. ലോക്ക് ഡൌണ്‍ കാലത്ത് വ്യക്തതയില്ലാത്ത ഉത്തരവുകളാണ് മിക്ക ദിവസങ്ങളിലും നല്‍കിയിരുന്നത്. മുഖ്യമന്ത്രി ഒന്ന് പറയുമ്പോള്‍ ജില്ലാ കളക്ടറും എസ്.പിയും മറ്റൊന്നായിരുന്നു പറയുന്നത്. ഫലത്തില്‍ പോലീസ് രാജ് ആണ് നടന്നുകൊണ്ടിരിക്കുന്നത്. വ്യക്തമായ ഉത്തരവുകള്‍ ആവശ്യപ്പെട്ടിട്ടും അത് നല്‍കിയിട്ടില്ലെന്നും ജില്ലാ ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
ടി.നസ്സിറുദ്ദീനു നേരെയുള്ള കയ്യേറ്റശ്രമത്തെ നിസ്സാരമായികാണാന്‍ കഴിയില്ലെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു നീങ്ങുമെന്നും സംസ്ഥാന സെക്രട്ടറികൂടിയായ എ .ജെ ഷാജഹാന്‍ പറഞ്ഞു.