കാബുൾ : അഫ്ഗാൻ തലസ്ഥാനമായ കാബൂൾ താലിബാൻ ഉടൻ പിടിച്ചടക്കിയേക്കുമെന്ന ആശങ്കയ്ക്കിടെ പ്രദേശത്ത് നിന്ന് പ്രതിനിധികളെ ഒഴിപ്പിക്കാനൊരുങ്ങി എംബസികൾ. കാബൂളിൽ നിന്ന് 50 കി.മീ മാത്രം ദൂരെയാണ് ഇപ്പോൾ താലിബാൻ സൈന്യം തമ്പടിച്ചിരിക്കുന്നത്. ഉടൻ കാബൂളും താലിബാൻ പിടിച്ചടക്കുമെന്ന ആശങ്കയിലാണ് അന്താരാഷ്ട്ര സമൂഹം. പ്രധാന പട്ടണമായ മസരി ഷരീഫിൽ താലിബാൻ ആക്രമണം ആരംഭിച്ചു. നേരത്തെ താലിബാൻ വിരുദ്ധരുടെ ശക്തികേന്ദ്രമായ മസരി ഷെരീഫിനെ വളഞ്ഞിരിക്കുകയാണ്.
ഇതേത്തുടർന്ന് തലസ്ഥാന നഗരത്തിൽ നിന്ന് യുഎസ്സും മറ്റ് രാജ്യങ്ങളും തങ്ങളുടെ നയതന്ത്ര പ്രതിനിധികളേയും എംബസി ജീവനക്കാരേയും എയർലിഫ്റ്റ് ചെയ്തു തുടങ്ങി. ബ്രിട്ടൺ, ജർമനി, ഡെന്മാർക്ക്, സ്പെയിൻ എന്നീ രാജ്യങ്ങളുടെ പ്രതിനിധികളെ ഒഴിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഒഴിപ്പിക്കലിന് മേൽനോട്ടം വഹിക്കാനും വിമാനത്താവളത്തിൽ സുരക്ഷ ഉറപ്പാക്കാനുമായി 3000 യുഎസ് സൈനികർ കാബൂളിൽ എത്തിയിട്ടുണ്ട്.
നിലവിൽ അഫ്ഗാനിസ്ഥാനിലെ 34 പ്രവിശ്യകളിൽ പകുതിയിലേറെ പ്രവിശ്യകളും താലിബാൻ നിയന്ത്രണത്തിലാണുള്ളത്. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ കാണ്ഡഹാർ ഇന്നലെ താലിബാൻ നിയന്ത്രണത്തിലാക്കിയിരുന്നു. പ്രധാനപ്പെട്ട മറ്റൊരു നഗരമായ ഹെറാത്തും പടിഞ്ഞാറൻ പ്രവിശ്യയായ ഖോറും താലിബാൻ കഴിഞ്ഞദിവസം നിയന്ത്രണത്തിലാക്കിയതിൽ ഉൾപ്പെടുന്നു.
അതേസമയം സുരക്ഷാസേനയെ വീണ്ടും താലിബാനെതിരേ സംഘടിപ്പിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷ്റഫ് ഗാനി വ്യക്തമാക്കി. ശനിയാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ സാഹചര്യത്തിൽ നമ്മുടെ സുരക്ഷാസേനയെ വീണ്ടും സംഘടിപ്പിക്കുന്നതിനാണ് രാജ്യത്തിന്റെ പ്രഥമ പരിഗണന. ഇക്കാര്യത്തിൽ ഗൗരവമേറിയ നടപടികൾ എടുക്കും. അഷ്റഫ് ഗാനി പറഞ്ഞു. താലിബാനോട് ഒത്തുതീർപ്പിന് തയ്യാറല്ലെന്ന സൂചനകൾ നൽകുന്നതാണ് ഗാനി സർക്കാരിന്റെ പുതിയ നീക്കം.