പത്തനംതിട്ട : മല്ലപ്പള്ളി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനലിന് വിജയം. 68 വോട്ടര്‍മാരില്‍ 59 പേര്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തി. താലൂക്ക് ലൈബ്രറി കൗണ്‍സിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ അഡ്വ. ജിനോയ് ജോര്‍ജ്ജ്, കെ.കെ സുകുമാരന്‍, പി.പി ഉണ്ണിക്കൃഷ്ണന്‍ നായര്‍, രമേഷ് ചന്ദ്രന്‍, റെജി ശാമുവേല്‍, തമ്പി കോലത്ത്, തോമസ് മാത്യു എന്നിവര്‍ വിജയിച്ചു. വനിതാ സംവരണ സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സി.എസ് ശാലിനിക്കുട്ടിയമ്മ വിജയിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് എസ്.സി സംവരണ സീറ്റിലേക്ക് വി.കെ സുകുമാരനും വനിതാ സംവരണ സീറ്റിലേക്ക് ബിന്ദു ചാത്തനാട്ടും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ജില്ലാ ലൈബ്രറി കൗണ്‍സിലേക്ക് ബി.വിനയസാഗര്‍, ഡോ.പി.ജെ ഫിലിപ്പ്, ജോസ് കുറഞ്ഞൂര്‍, കെ.പി. രാധാകൃഷ്ണന്‍, ടി.എസ് മോഹനപണിക്കര്‍ എന്നിവരും എസ്.സി. സംവരണ സീറ്റിലേക്ക് സനോജും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ആസ്ഥാനമായ മഹാകവി വെണ്ണിക്കുളം താലൂക്ക് ലൈബ്രറി ഹാളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മല്ലപ്പള്ളി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വി.നളിനി വരണാധികാരിയായിരുന്നു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് 11ന് നടക്കും.