തെന്നിന്ത്യൻ സിനിമകളിലും ബോളിവുഡിലുമെല്ലാം ഒരുപോലെ തിളങ്ങി നിൽക്കുകയാണ് നടി തമന്ന ഭാട്ടിയ. എല്ലായിടത്തും കൈനിറയെ അവസരങ്ങളാണ് തമന്നയെ തേടിയെത്തുന്നത്. ജന്മം കൊണ്ട് മുംബൈക്കാരി ആണെങ്കിലും തമന്ന തിളങ്ങിയത് തെന്നിന്ത്യൻ സിനിമകളിലാണ്. തമിഴ്, തെലുങ്ക് സിനിമകളിലെ മുൻനിര താരമായി നിറഞ്ഞുനിന്ന തമന്നയ്ക്ക് ഈ അടുത്തകാലത്തായാണ് ബോളിവുഡിൽ നിന്നും മികച്ച അവസരങ്ങൾ ലഭിച്ചു തുടങ്ങിയത്. ഇപ്പോഴിതാ അല്പം വൈകിയാണെങ്കിലും മലയാളത്തിലേക്കും ചുവടുവെച്ചിരിക്കുകയാണ് തമന്ന. റിലീസിനൊരുങ്ങുന്ന ബാന്ദ്ര എന്ന സിനിമയിൽ ദിലീപിന്റെ നായികയായാണ് തമന്ന എത്തുന്നത്. വർഷങ്ങളായി തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിൽക്കുന്ന തമന്നയ്ക്ക് മലയാളത്തിൽ ഇതിനകം വലിയ ആരാധക വൃന്ദമുണ്ട്. അതിനിടെ കേരളത്തിൽ നിന്നും തനിക്ക് ലഭിക്കുന്ന സ്നേഹത്തെ കുറിച്ച് മനസു തുറന്നിരിക്കുകയാണ് തമന്ന.
മലയാളത്തിലെ തന്റെ ആദ്യ സിനിമയാണെന്ന് തോന്നുന്നതേ ഇല്ലെന്ന് തമന്ന പറയുന്നു. 2007 ൽ ഹാപ്പി ഡെയ്‌സ് അരങ്ങിൽ ശേഷം കത്തുകളിലൂടെയും മറ്റും തനിക്ക് ഒരുപാട് സ്നേഹം മലയാളത്തിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്നും തമന്ന പറഞ്ഞു. ബാന്ദ്രയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. ‘രാജകുമാരിയെപ്പോലെയാണ് എന്നെ മലയാള സിനിമ കണ്ടതെന്നു തോന്നി. ഇവിടെ ചെയ്യുന്ന ആദ്യ സിനിമയാണെന്ന തോന്നലേ ഇല്ലായിരുന്നു. 2007 ലാണു ഹാപ്പി ഡേയ്സ് പുറത്തിറങ്ങുന്നത്. അന്ന് കേരളത്തിൽനിന്ന് ഒരുപാട് സ്നേഹവും കത്തുകളും ഞങ്ങൾക്ക് കിട്ടിയിരുന്നു. എന്നെ ഒരു അഭിനേത്രിയെന്ന നിലയിൽ അന്നുതന്നെ അംഗീകരിച്ചവരാണ് മലയാളികൾ. അവരുടെ മുൻപിലേക്ക് നല്ലൊരു സിനിമയുമായി വരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട് തമന്ന പറഞ്ഞു
ആരാധകരുമായി തനിക്ക് നല്ല ബന്ധമാണ് ഉള്ളതെന്നും തമന്ന അഭിമുഖത്തിൽ പറഞ്ഞു. ക്യാമറയ്ക്കു വേണ്ടി മാത്രം അഭിനയിക്കുന്നതാണ് എന്റെ ജോലി. എന്റെ ഫാൻസുമായും എനിക്കു നല്ല ബന്ധമുണ്ട്. നേരിട്ടു കാണുമ്പോൾ അവർക്ക് ആകെ വേണ്ടത് ഒരു സെൽഫിയാണ്. അതു കൊടുക്കുന്നതിൽ നമ്മൾ സമയം കണ്ടെത്തണം. ചിലപ്പോൾ നമ്മളും തിരക്കുകളിൽ പെട്ടുപോകാം. അപ്പോഴും മാന്യമായി അവരോടു പറയാമല്ലോ. എല്ലാവർക്കും എല്ലാം മനസ്സിലാകും. എന്റെ ടീം ചിലപ്പോൾ പറയാറുണ്ട് വലിയ ആൾക്കൂട്ടമാണ്, നമുക്ക് ലോഞ്ചിൽ മാറിയിരിക്കാമെന്നൊക്കെ. അപ്പോൾ എന്നെ ജയിലിൽ അടയ്ക്കുന്നതുപോലെയാണ് തോന്നാറ്. ഞാൻ പീപ്പിൾസ് പേഴ്സനാണ്. എപ്പോഴും മനുഷ്യന്മാരോടു ചേർന്നു നിൽക്കാനാണിഷ്ടം.
സെറ്റുകളിലെ ബഹളവും അലങ്കോലമായ അവസ്ഥയുമൊക്കെ എനിക്ക് ശാന്തി തരും. ജോലി ചെയ്യുമ്പോൾ എനിക്ക് സന്തോഷമാണ്. ശരീരം ക്ഷീണിച്ചാലും മനസ്സിൽ ഫുൾ ഓൺ എനർജി ആയിരിക്കും. മൂന്നു ദിവസം അവധി കിട്ടിയാൽ പോലും വീട്ടിലിരിക്കാൻ ഇഷ്ടമല്ല. അമ്മയോടും അച്ഛനോടും ചോദിച്ചാൽ അറിയാം. എനിക്കു മടുക്കും തമന്ന പറഞ്ഞു. റിവ്യൂ ബോംബിങ് സംബന്ധിച്ച് തന്റെ അഭിപ്രായവും തമന്ന അഭിമുഖത്തിൽ പങ്കുവെച്ചു. നല്ല സിനിമകളെ ആർക്കും നശിപ്പിക്കാൻ പറ്റില്ല. എന്തുതരം റിവ്യൂ വന്നാലും നല്ല സിനിമ ആളുകൾ പറഞ്ഞും കേട്ടും വിജയിക്കുകതന്നെ ചെയ്യും. തന്റെ കരിയറിന്റെ തുടക്കത്തിൽ ചിലർ വളരെ മോശം എന്നു പറഞ്ഞ സിനിമകൾ വിജയമായിട്ടുണ്ടെന്നും തമന്ന വ്യക്തമാക്കി.