ചെന്നൈ : കേരളത്തിനു പുറമെ തമിഴ്നാട് ബി.ജെ.പിയിലും തെരഞ്ഞെടുപ്പ് ഫണ്ട് വിവാദം ആളിക്കത്തുന്നു. കാരക്കുടിയിൽ നിന്ന് മത്സരിച്ച ബി.ജെ.പി മുന്‍ ദേശീയ സെക്രട്ടറി എച്ച്. രാജ തെരഞ്ഞെടുപ്പില്‍ ഫണ്ട് തിരിമറി നടത്തിയെന്നാണ് ഉയരുന്ന ആരോപണം. കോടികൾ ചെലവഴിച്ചുള്ള രാജയുടെ വീട് നിർമ്മാണവും വിവാദമായിട്ടുണ്ട്.
ലോക്സഭ തെരഞ്ഞെടുപ്പില്‍ ശിവഗംഗ ജില്ലയില്‍ മത്സരിച്ച രാജ ഫണ്ട് മുക്കിയെന്നും ഇത് വീട് നിര്‍മ്മാണത്തിനായി ഉപയോഗിച്ചെന്നും പാര്‍ട്ടിയില്‍ നിന്ന് തന്നെ ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ഇതിന് പിന്നാലെ കാരക്കുടിയിൽ താന്‍ തോറ്റതില്‍ പ്രാദേശിക ബി.ജെ.പി. നേതാക്കളെ എച്ച്. രാജയും അനുയായികളും ഭീഷണിപ്പെടുത്തിയതായും പരാതികള്‍ ഉണ്ട്.
2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെ സഖ്യത്തിൽ 20 സീറ്റുകളിലാണ് ബി.ജെ.പി മത്സരിച്ചത്. ഇതിൽ കോയമ്പത്തൂർ സൗത്തിലെ ദേശീയ മഹിള മോർച്ച അധ്യക്ഷ വാനതി ശ്രീനിവാസൻ ഉൾപ്പെടെ നാലുപേർ മാത്രമാണ് വിജയിച്ചത്. സംസ്ഥാന പ്രസിഡന്റ് എൽ. മുരുകൻ ഉൾപ്പെടെയുള്ളവർ തോറ്റു. മുമ്പ് കേരള ബി.ജെ.പി ഘടകത്തിന്റെ സംഘടന ചുമതലയും രാജ വഹിച്ചിരുന്നു.