ചെന്നൈ : മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിയായിരുന്ന ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ കണ്ട് പിതാവ് ലത്തീഫ്. അന്വേഷണം വേഗത്തിലാക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി ലത്തീഫ് പറഞ്ഞു. തമിഴ്നാട് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്‍ചയിൽ ഏറെ പ്രതീക്ഷയുണ്ടെന്നും നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരണമെന്നും ലത്തീഫ് വ്യക്തമാക്കി. ഫാത്തിമയുടെ പിതാവ് ലത്തീഫ് കഴിഞ്ഞ ദിവസം സിബിഐ മുൻപാകെ മൊഴി നൽകിയിരുന്നു. രാവിലെ പത്തരയോടെ, ചെന്നൈയിലെ ഓഫിസിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമല്ലെന്ന് കാണിച്ച് പിതാവ് നൽകിയ പരാതിയെ തുടർന്നാണ് കേസ് സിബിഐയ്ക്ക് കൈമാറിയത്.
അധ്യാപകനായ സുദർശൻ പത്മനാഭൻ മാനസികമായി പീഡിപ്പിക്കുന്നതായി ഫാത്തിമ നേരത്തെ രക്ഷിതാക്കളെ അറിയിച്ചിരുന്നു. രാജ്യമൊട്ടാകെ ചർച്ചചെയ്ത ചെന്നൈ ഫാത്തിമാ ലത്തീഫിന്റെ ദുരൂഹമരണം ആദ്യം പുറംലോകത്തെ അറിയിച്ചത് 24 ആണ്. 24 ന്റെ വാർത്താ ഇടപെടലിന് പിന്നാലെ അന്തർദേശീയ മാധ്യമങ്ങൾ വരെ ഈ വിഷയം ചർച്ച ചെയ്യുകയും ചെയ്തു. പക്ഷേ ഫാത്തിമയുടെ കുടുംബത്തിന് ഇപ്പോഴും നീതി ലഭ്യമായിട്ടില്ല. 2019 നവംബർ 9 നാണ് ചെന്നൈ ഐഐടിയിൽ ഫാത്തിമ ലത്തീഫ് എന്ന കൊല്ലം സ്വദേശിനിയായ വിദ്യാർഥിനി ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. മരണത്തിന്റെ രണ്ടാം നാൾ 24 ആ വാർത്ത പുറം ലോകത്തെ അറിയിച്ചു. മൊബൈൽ ഫോണിലെ ഫാത്തിമയുടെ ആത്മഹത്യ കുറിപ്പും അതിൽ പരാമർശിക്കപ്പെട്ട അധ്യാപകരുടെ പേരുകൾ ഉൾപ്പെടെ പുറത്തെത്തിച്ചു. തന്റെ മകളുടെ മരണത്തിന് കാരണം സുദർശൻ പത്മനാഭൻ എന്ന അധ്യാപകനെന്ന് ഫാത്തിമയുടെ ഉമ്മ പറഞ്ഞിരുന്നു.