ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ 2023-24 സാമ്പത്തിക വർഷത്തേക്ക് സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിലെയും സ്റ്റാറ്റ്യൂട്ടറി ബോർഡുകളിലെയും 2.75 ലക്ഷം ജീവനക്കാർക്ക് ബോണസും എക്സ്ഗ്രേഷ്യയും പ്രഖ്യാപിച്ചു. റിപ്പോർട്ടുകളനുസരിച്ച്, ഗ്രൂപ്പ് സി, ഡി എന്നിവയ്ക്ക് കീഴിലുള്ള ലാഭമുണ്ടാക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളിലെ അർഹരായ എല്ലാ തൊഴിലാളികൾക്കും ഏറ്റവും കുറഞ്ഞ ബോണസ് 8,400 രൂപയും പരമാവധി 16,800 രൂപയും 8.33 ശതമാനം ബോണസും 11.67 ശതമാനം എക്‌സ്‌ഗ്രേഷ്യയും നൽകും. മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് 8.33 ശതമാനം ബോണസും 1.67 ശതമാനം എക്‌സ്‌ഗ്രേഷ്യയും നൽകും. ഉത്സവ (ദീപാവലി) സീസണിന് മുന്നോടിയായി സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിലെ മൊത്തം 2,75,670 തൊഴിലാളികൾക്ക് ബോണസും എക്‌സ്‌ഗ്രേഷ്യയും നൽകാൻ തമിഴ്‌നാട് മുഖ്യമന്ത്രി ഒക്ടോബർ 10 ന് ഉത്തരവിട്ടിരുന്നു, 369.65 കോടി രൂപയാണ്ഇതിനായി സർക്കാർ ചിലവഴിക്കുന്നത് .
ടാംഗഡ്‌കോ, സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് സ്ഥാപനങ്ങൾ, തമിഴ്‌നാട് സിവിൽ സപ്ലൈസ് കോർപ്പറേഷൻ, കോഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് ഫെഡറേഷൻ എന്നിവിടങ്ങളിലെ തൊഴിലാളികൾക്കും ജീവനക്കാർക്കും തമിഴ്‌നാട് ഹൗസിംഗ് ബോർഡിലെയും ചെന്നൈ മെട്രോപൊളിറ്റനിലെയും ഗ്രൂപ്പ് സിയിലെയും ഡിയിലെയും ജീവനക്കാർക്ക് 20 ശതമാനം ബോണസും എക്‌സ്‌ഗ്രേഷ്യയും നൽകും. വാട്ടർ സപ്ലൈ ആൻഡ് ഡ്രെയിനേജ് ബോർഡിന് 10 ശതമാനം ബോണസും എക്‌സ്‌ഗ്രേഷ്യയും ലഭിക്കുമെന്നും അറിയിപ്പിൽ പറയുന്നു. തമിഴ്‌നാട് വാട്ടർ സപ്ലൈ ആൻഡ് ഡ്രെയിനേജ് ബോർഡ് ജീവനക്കാർക്ക് 8.33 ശതമാനം ബോണസും സിവിൽ സപ്ലൈസ് കോർപ്പറേഷൻ തൊഴിലാളികൾക്ക് 3,000 രൂപയും നൽകും. രാജ്യത്തെ ഉയർത്തുന്നതിലും സാമ്പത്തിക വളർച്ചയ്ക്ക് സംഭാവന നൽകുന്നതിലും പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികളെയും ജീവനക്കാരെയും പ്രോത്സാഹിപ്പിക്കുന്നതിനും പ്രചോദിപ്പിക്കുന്നതിനുമാണ് സർക്കാർ തീരുമാനം . സഹകരണ സ്ഥാപനങ്ങളിലെയും മറ്റ് സംഘടനകളിലെയും ജീവനക്കാർക്കുള്ള ബോണസും എക്സ്ഗ്രേഷ്യയും സംബന്ധിച്ച് പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.