ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി തമിഴ്‌നാട്ടില്‍ വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുന്നു. 14 ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് തീവ്രമഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി എട്ടു ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ധര്‍മ്മപുരി, കരൂര്‍, കടലൂര്‍, മയിലാടുത്തുറൈ, പുതുക്കോട്ടൈ, നാമക്കല്‍, തിരുച്ചി, തഞ്ചാവൂര്‍, തിരുനെല്‍വേലി, കൂടാതെ പുതുച്ചേരിയിലുമാണ് അവധി പ്രഖ്യാപിച്ചത്. ന്യൂനമര്‍ദ്ദം തെക്കന്‍ തമിഴ്‌നാട്ടിലേക്ക് നീങ്ങുമെന്നാണ് കണക്കുകൂട്ടല്‍. ഇതിന്റെ സ്വാധീനഫലമായി തെക്കന്‍ തമിഴ്‌നാട്ടില്‍ മഴ കനക്കുമെന്നാണ് പ്രവചനം. വ്യാഴാഴ്ച മുതല്‍ മയിലാടുത്തുറൈ, തിരുനെല്‍വേലി ജില്ലകളില്‍ റെക്കോര്‍ഡ് മഴയാണ് ലഭിച്ചത്. തെങ്കാശിയിലും തൂത്തുക്കുടിയിലും മയിലാടുത്തുറൈയിലും 300 മില്ലിമീറ്ററില്‍ അധികം മഴ ലഭിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കനത്തമഴയെ തുടര്‍ന്ന് താമ്രപര്‍ണി നദി കരകവിഞ്ഞൊഴുകി. താമ്രപര്‍ണി നദിയില്‍ നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് ശ്രീവൈകുണ്ഠം മേഖലയില്‍ തൂത്തുക്കുടി ജില്ലാ ഭരണകൂടം വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കി. താഴ്ന്ന പ്രദേശങ്ങളിലുള്ളവരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും നിര്‍ദേശിച്ചിട്ടുണ്ട്.
ചെന്നൈയില്‍ കനത്ത മഴയെത്തുടര്‍ന്ന് റെഡ്ഹില്‍സ്, ചെമ്പരമ്പാക്കം ജലസംഭരണികളില്‍ ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയര്‍ന്നിരിക്കുകയാണ്. ഇതിന് പിന്നാലെ ജലസംഭരണികള്‍ക്ക് സമീപമുള്ള പ്രദേശങ്ങളില്‍ പൊതുമരാമത്ത് വകുപ്പ് ആദ്യ വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കി. ജലസംഭരണികളുടെ വൃഷ്ടിപ്രദേശങ്ങളില്‍ കനത്തമഴയാണ് ലഭിക്കുന്നത്. തിരുനെല്‍വേലി ജില്ലയിലെ സുതമല്ലിയില്‍ വീടും തെങ്കാശി ജില്ലയിലെ വടകരൈയിലെ പ്രാഥമികാരോഗ്യ കേന്ദ്രവും ഒറ്റരാത്രികൊണ്ട് വെള്ളത്തിനടിയിലായി. ശങ്കരന്‍കോവിലിലെ ശങ്കരനാരായണ ക്ഷേത്രത്തിലേക്ക് മഴവെള്ളം കയറി.