ചെന്നൈ: മന്ത്രി സെന്തിൽ ബാലാജിയെ സർക്കാരിൽ നിന്ന് പുറത്താക്കണമെന്ന് തമിഴ്‌നാട് ഗവർണർ ആർഎൻ രവി. സെന്തിൽ ബാലാജിയുടെ വകുപ്പ് മാറ്റവും ഗവർണർ അംഗീകരിച്ചില്ല. സെന്തിൽ ബാലാജി കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ മറ്റ് മന്ത്രിമാർക്ക് കൈമാറാനുള്ള സർക്കാരിന്റെ ശുപാർശ ആർഎൻ രവി മടക്കി. ഇതോടെയാണ് വീണ്ടും ഗവർണർ സർക്കാർ പോരിലേക്ക് കാര്യങ്ങൾ നീങ്ങിയത്. സെന്തിൽ ബാലാജിയുടെ ചികിത്സ കാരണമാണ് വകുപ്പ് മാറ്റമെന്ന സർക്കാർ നിലപാടിനോടാണ് ഗവർണർ എതിർപ്പ് പ്രകടിപ്പിച്ചത്. ഇക്കാര്യം സ്ഥിരീകരിച്ച വിദ്യാഭ്യാസമന്ത്രി പൊന്മുടി, ഗവർണർ ബിജെപി ഏജന്റാണെന്നും വിമർശിച്ചു.
ഗവർണരുടെ നടപടി ഭരണഘടനാ വിരുദ്ധം എന്ന് ഡിഎംകെ വാർത്താക്കുറിപ്പിറക്കി. മന്ത്രിമാരുടെ വകുപ്പുകൾ തീരുമാനിക്കാനുള്ള അവകാശം മുഖ്യമന്ത്രിക്കാണെന്നും ഈ വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു. അതിനിടെ മന്ത്രി ബാലാജിയെ സർക്കാർ ആശുപത്രിയിൽ നിന്ന് കാവേരി ആശുപത്രിയിലേക്ക് മാറ്റി. ഇഡി കേസിൽ സെന്തിൽ ബാലാജിയുടെ ജാമ്യാപേക്ഷയിൽ സെഷൻസ് കോടതി നാളെ വിധി പറയും. ഇടക്കാലജാമ്യം അനുവദിയ്ക്കണമെന്ന് സെന്തിൽ ബാലാജിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. ചികിത്സാ ആവശ്യം ഉന്നയിച്ചാണ് ഈ വാദം മുന്നോട്ട് വെച്ചത്. എന്നാൽ സെന്തിൽ ബാലാജിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് ഇഡിയും വാദിച്ചു. രണ്ട് ഹർജികളിലും നാളെ വിധി പറയും. ഹർജികളിൽ തീരുമാനം എടുക്കുന്നതിന് മുൻപ് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി കൂടി പഠിക്കണമെന്ന് സെഷൻസ് കോടതി പ്രിൻസിപ്പൽ ജഡ്ജി അല്ലി വ്യക്തമാക്കി.