തമിഴ്നാട്: ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച് നടുറോഡില്‍ ബൈക്ക് സ്റ്റണ്ട് നടത്തിയ തമിഴ് യുട്യൂബര്‍ക്ക് പരിക്ക്. ട്വിന്‍ ത്രോട്ട്ലേഴ്സ് എന്ന യുട്യൂബ് ചാനലിലൂടെ പ്രശസ്തനായ മോട്ടോവ്ലോഗറും നടനുമായ ടിടിഎഫ് വസന്‍ ആണ് അപകടത്തില്‍ പെട്ടത്. കാഞ്ചീപുരം ജില്ലയില്‍ ചെന്നൈ- ബംഗളൂരു ഹൈവേയില്‍ ഞായറാഴ്ചയാണ് അപകടം. ഹൈവേ സര്‍വീസ് റോഡില്‍ ഒരു വീലില്‍ (പിന്‍ ചക്രം മാത്രം നിലത്ത് മുട്ടുന്ന തരത്തില്‍ ബൈക്ക് ഓടിക്കുന്ന രീതി) ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ബാലന്‍സ് നഷ്ടപ്പെട്ട് റോഡിന് പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു അദ്ദേഹം. നിലവിലെ സ്ഥിതി ഗുരുതരമല്ലെന്നാണ് ആശുപത്രിവൃത്തങ്ങള്‍ അറിയിക്കുന്നത്. അപകടത്തിന്‍റെ സിസിടിവി ദൃശ്യവും അപകടം നടക്കുന്നതിന് തൊട്ടുമുന്‍പുള്ള മറ്റൊരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
റോഡ് നിയമങ്ങള്‍ ലംഘിച്ചതിനും ജീവന് ഭീഷണി ഉയര്‍ത്തിയതിനും വസനെതിരെ പോലീസില്‍ പരാതി എത്തിയിട്ടുണ്ട്. യുട്യൂബര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധവും ഉയരുന്നുണ്ട്. ഇത് ആദ്യമായല്ല ഇദ്ദേഹം വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. ട്രാഫിക് നിയമങ്ങള്‍ പരസ്യമായി ലംഘിച്ചതിന് പലപ്പോഴും ഗതാഗത വകുപ്പ് പിടികൂടിയിട്ടുണ്ട്. യുട്യൂബില്‍ ഒട്ടേറെ ആരാധകരുള്ള വസന്‍റെ പേരില്‍ കാര്യമായ നടപടിയൊന്നും സ്വീകരിക്കാത്ത അധികൃതര്‍ക്കെതിരെയും വിമര്‍ശനം ഉയരുന്നുണ്ട്. വില കൂടിയ ബൈക്കുകളിലെ യാത്രയും ബൈക്ക് സ്റ്റണ്ടുമാണ് 24 കാരനായ യുട്യൂബറുടെ സ്ഥിരം ഉള്ളടക്കം. യുവാക്കള്‍ക്കും കുട്ടികള്‍ക്കുമിടയില്‍ വലിയ ആരാധകവൃന്ദമുള്ള ടിടിഎഫ് വസന്‍ ഒരു സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ഖകു വീരന്‍ എന്ന ചിത്രത്തില്‍ അദ്ദേഹം ഒരു ബൈക്കറുടെ റോളിലാണ് എത്തിയത്.