ചെന്നൈ : തമിഴ്‌നാട്ടില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ വിപുലമായ സമ്പര്‍ക്ക പട്ടികയുള്ള ജനപ്രതിനിധികള്‍ക്കും കൊവിഡ് ബാധിക്കുന്നത് തുടരുന്നു. ഇന്ന് ഒരു മന്ത്രിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സഹകരണ മന്ത്രി സെല്ലൂര്‍ രാജുവിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. മന്ത്രിയുടെ ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരെയും ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മന്ത്രിസഭാംഗം ആണ് സെല്ലൂര്‍ രാജു.
മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ മന്ത്രി സെല്ലൂര്‍ രാജു പങ്കെടുത്തിരുന്നു. ഇത് സ്ഥിതി ഗുരുതരമാക്കുന്നുണ്ടെന്നാണ് തമിഴ്‌നാട് ആരോഗ്യ വകുപ്പ് നല്‍കുന്ന വിശദീകരണം. എം.എല്‍.എമാര്‍ ഉള്‍പ്പെടെ ഇതുവരെ ഏഴ് ജനപ്രതിനിധികള്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. തമിഴ്നാട്ടില്‍ ഇന്നലെ 4231 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ രോഗബാധിതര്‍ 126581 ആയി ഉയര്‍ന്നിട്ടുണ്ട്. ഇന്നലെ മാത്രം 65 മരണമുണ്ടായി. ഇതോടെ തമിഴ്‌നാട്ടിലെ ആകെ മരണസംഖ്യ 1765 ആയി ഉയര്‍ന്നു.