കൊച്ചി : രാത്രിയുടെ മറവിൽ കൊച്ചി നഗരത്തിൽ റോഡ് സൈഡിൽ കക്കൂസ് മാലിന്യം തള്ളുന്നത് പതിവാകുന്നു. കക്കൂസ് മാലിന്യം നിക്ഷേപിക്കാൻ പ്ലാൻറുകൾ ഉണ്ടായിരുന്നിട്ടും ചെറിയ ലാഭത്തിന് വേണ്ടിയാണ് ടാങ്കർലോറികൾ കക്കൂസ് മാലിന്യം വഴിയിൽ തള്ളുന്നത്. പിടിയിലാകാതിരിക്കാൻ പല വാഹനങ്ങളും നമ്പർപ്ലേറ്റ് പോലും ഉപയോഗിക്കുന്നില്ല എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
രാത്രിയായാൽ കക്കൂസ് മാലിന്യവുമായി നൂറുകണക്കിന് ടാങ്കർലോറികൾ ആണ് കൊച്ചി നഗരത്തിലൂടെ ചീറിപ്പായുന്നത്. ഇവയിൽ ഒട്ടുമിക്ക ടാങ്കർലോറികളും കക്കൂസ് മാലിന്യം തള്ളുന്നത് റോഡ് സൈഡിലാണ്. പുലർച്ചെ ഒരു മണിയോടെ കൊച്ചി ഐലൻഡ് ഭാഗത്തുനിന്നും പകർത്തിയ ദൃശ്യങ്ങൾ അതിന് തെളിവാണ്.
ബ്രഹ്മപുരത്തും, ഐലൻഡിലും കക്കൂസ് മാലിന്യം തള്ളാൻ പ്ലാൻറുകൾ ഉണ്ടായിരുന്നിട്ടാണ് ടാങ്കർ ലോറികൾ ഈ നിയമലംഘനം നടത്തുന്നത്. കാരണം പ്ലാൻറ്റിൽ കക്കൂസ് മാലിന്യം നിക്ഷേപിക്കണമെങ്കിൽ 480 രൂപ ഫീസ് നൽകണം. ഈ തുക ലഭിക്കാൻ വേണ്ടിയാണ് പൊതുവഴിയിൽ മാലിന്യം തള്ളുന്നത്. റോഡ് സൈഡിൽ മാലിന്യം തള്ളുന്നത് തുടർക്കഥയായിട്ടും ഇവർക്കെതിരെ ആരും നടപടി സ്വീകരിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം.