കൊച്ചി : പിടിച്ചെടുത്ത ടാങ്കർ ലോറിയിൽ 2,400 കിലോമീറ്റർ താണ്ടി സംസ്ഥാനത്തേക്കു മെഡിക്കൽ ഓക്സിജനെത്തിച്ചു മോട്ടർ വാഹനവകുപ്പ്. ദുരന്ത നിവാരണ നിയമ പ്രകാരം വകുപ്പു പിടിച്ചെടുത്ത 3 ടാങ്കറുകളിൽ ഒന്നാണു ജാർഖണ്ഡിലെ ബേൺപൂരിലുള്ള ടാറ്റാ സ്റ്റീൽ പ്ലാന്റിൽ നിന്നു ദ്രവ ഓക്സിജനുമായി കൊച്ചിയിൽ തിരിച്ചെത്തിയത്. മേയ് 17നു പുലർച്ചെ രണ്ടിനാണു ടാങ്കറുകൾ ബേൺപൂരിൽ നിന്നു യാത്രയാരംഭിച്ചത്. കൊച്ചിൻ ഷിപ്‌യാഡിന്റെ ഉടമസ്ഥതയിൽ ഉള്ള കൊച്ചിൻ എയർ പ്രോഡക്ട്സിൽ ഇന്നലെ രാവിലെ 7.30ന് വാഹനമെത്തി.
9.6 മെട്രിക് ടൺ ഓക്സിജനാണ് എത്തിച്ചത്. കെഎസ്ആർടിസിയുടെ പ്രത്യേക പരിശീലനം ലഭിച്ച 3 ഡ്രൈവർമാരും ഒരു എഎംവിഐയുമാണു ടാങ്കർ ലോറിയിൽ ഉണ്ടായിരുന്നത്. മേയ് 8നാണ് ആർടിഒമാരുടെ നേതൃത്വത്തിൽ വാഹനങ്ങൾ പിടിച്ചെടുത്തത്. 14ന് നെടുമ്പാശേരിയിൽ നിന്നു വിമാന മാർഗം കൊണ്ടുപോകാൻ തീരുമാനിച്ച ടാങ്കറുകൾ പ്രതികൂല കാലാവസ്ഥ മൂലം 15 നു രാവിലെ കോയമ്പത്തൂർ എയർഫോഴ്സ് വിമാനത്താവളത്തിൽ നിന്നാണ് എയർ ലിഫ്റ്റ് ചെയ്തത്.