കൊച്ചി: മലപ്പുറം താനൂര്‍ ബോട്ടപകടവുമായി ബന്ധപ്പെട്ട് അഡ്വ വിഎം ശ്യാംകുമാറിനെ കേരള ഹൈക്കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചു. താനൂര്‍ ബോട്ടപകടവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിച്ചപ്പോഴാണ് ഹൈക്കോടതി നിലപാട് അറിയിച്ചത്. അപകടവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലാ കലക്ടര്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.അമിത ഭാരമാണ് അപകടത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടിയ റിപ്പോര്‍ട്ടില്‍ ബോട്ടില്‍ അനുവദിച്ചതിലധികം ആളെ കയറ്റിയെന്ന് കുറ്റപ്പെടുത്തുന്നു.
അതേസമയം താനൂരിലുണ്ടായ ബോട്ടപകടത്തില്‍ കോടതിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ രൂക്ഷമായി വിമര്‍ശനവുമായി ഹൈക്കോടതി. ജഡ്ജിമാര്‍ സൈബര്‍ ആക്രമണം നേരിടുകയാണ്. ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുമ്പോള്‍ വിമര്‍ശനമുയരുന്നു. ബോട്ടപകടത്തില്‍ സ്വമേധയാ കോടതി കേസെടുത്തതിലാണ് ചിലര്‍ക്ക് വിഷമം. കോടതി ഇടപെടാന്‍ പാടില്ലെന്ന് പറയുന്നതിന്റെ കാരണം എന്തെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.