പത്തനംതിട്ട : അടുത്ത് നടക്കുവാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പ് കേന്ദ്രത്തില്‍ ജനദ്രോഹ ഭരണം നടത്തുന്ന നരേന്ദ്ര മോദി സര്‍ക്കാരിനും സംസ്ഥാനത്ത് അഴിമതി ഭരണം നടത്തിക്കൊണ്ടിരിക്കുന്ന പിണറായി സര്‍ക്കാരിനും എതിരായ ജനങ്ങളുടെ താക്കീതും വിധിയെഴുത്തും ആയിരിക്കുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിലയിരുത്തുവാനും രാഹുല്‍ ഗാന്ധിയുടെ ജില്ലയിലെ സന്ദര്‍ശന പരിപാടിക്ക് മുന്നൊരുക്കങ്ങള്‍ നടത്തുന്നതിനും രാജീവ് ഭവനില്‍ ചേര്‍ന്ന ഡി.സി.സി ഭാരവാഹികളുടെ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളെ ദ്രോഹിച്ച് ഭരണം നടത്തുന്നതില്‍ കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ മത്സരിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കര്‍ഷകര്‍ മാസങ്ങളായി നടത്തുന്ന സമരം കണ്ടില്ലെന്ന് നടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നോട്ട് പോകാനാകില്ല. ഇന്ത്യയിലെ കാര്‍ഷിക മേഖല കുത്തകകള്‍ക്ക് തീറെഴുതികൊടുത്ത് കര്‍ഷകരുടെ നട്ടെല്ല് ഒടിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.
കേരളത്തില്‍ ഭരണത്തിന്റെ സമസ്ത മേഖലകളിലും അഴിമതിയും സ്വജനപക്ഷപാതവും നടത്തുന്ന പിണറായി സര്‍ക്കാരിനെതിരായ ജനവികാരം ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും ജില്ലയില്‍ യു.ഡി.എഫ് മികച്ച വിജയം നേടുമെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പറഞ്ഞു. ചില ദൃശ്യമാധ്യമങ്ങള്‍ ജനവികാരത്തിനെതിരായി സ്വാധീനങ്ങള്‍ക്ക് വഴങ്ങി സര്‍വ്വേകള്‍ സംഘടിപ്പിക്കുന്നത് അധാര്‍മ്മികമാണെന്നും എത്ര പി.ആര്‍ വര്‍ക്ക് നടത്തിയാലും ഇടതുപക്ഷത്തിന് തുടര്‍ഭരണം ലഭിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശം പരിഗണിച്ച് അര്‍ഹരായ എല്ലാവര്‍ക്കും പ്രതിവര്‍ഷം എഴുപത്തിരണ്ടായിരം രൂപ ലഭ്യമാക്കുന്ന ന്യയ് പദ്ധതി ഉള്‍പ്പെടെ യു.ഡി.ഫ് ന്റെ ജനകീയ മാനിഫെസ്റ്റോ കേരളത്തിലെ ജനങ്ങള്‍ സന്തോഷപൂര്‍വ്വം സ്വീകരിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഐക്യജനാധിപത്യ മുന്നണിയെ തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു. എ.ഐ.സി.സി സെക്രട്ടറി ഐവാന്‍ ഡിസൂസ, കെ.പി.സി.സി ജനറല്‍ സെക്രട്ടറി പഴകുളം മധു, മുന്‍ ഡി.സി.സി പ്രസിഡന്റ് പി. മോഹന്‍രാജ്, ഡി.സി.സി ഭാരവാഹികളായ എ. സുരേഷ് കുമാര്‍, അനില്‍ തോമസ്, സാമുവല്‍ കിഴക്കുപുറം, ജോണ്‍സണ്‍ വിളവിനാല്‍, സജി കൊട്ടക്കാട്, എം.എസ് പ്രകാശ്, കെ. ജാസിംകുട്ടി, ബോധേശ്വര പണിക്കര്‍, ജി. രഘുനാഥ്, സുനില്‍ കുമാര്‍ പുല്ലാട്, ശ്യാം കുരുവിള, എം. ആര്‍ ഉണ്ണികൃഷ്ണന്‍ നായര്‍, പത്തനംതിട്ട ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അബ്ദുള്‍ കലാം ആസാദ്, ഐ.എന്‍.റ്റി.യു.സി ജില്ലാ സെക്രട്ടറി പി.കെ ഇക്ബാല്‍, മണ്ഡലം പ്രസിഡന്‍റുമാരായ റനീസ് മുഹമ്മദ്, സുബിന്‍ നീറംപ്ലാക്കല്‍, എം.ആര്‍ രമേശ് എന്നിവര്‍ പങ്കെടുത്തു.